ഉപരിപഠനം എന്നത് ഏത് കുട്ടികളെ സംബന്ധിച്ചും വളരെ ഉത്കണ്ഡ നിറഞ്ഞ കാര്യമാണ്. എസ്എസ്എല്‍സി പ്ലസ് ടു ഫലങ്ങള്‍ വന്നാല്‍ രക്ഷിതാക്കളും കുട്ടികളും അഡ്മിഷനായും ഇഷ്ടപ്പെട്ട കോഴ്സിനായും നെട്ടോട്ടമോടുന്നത് പതിവാണ്. അഡ്മിഷനും മറ്റു കാര്യങ്ങളും എല്ലാം തന്നെ അക്ഷയ സെന്ററുകള്‍ കേന്ദ്രീകരിച്ചാവുമ്പോള്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരീക്ഷ ഫലങ്ങള്‍ വന്നത് മുതല്‍ അക്ഷയ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ തിരക്കാണ് കാണപ്പെടുന്നത്. കോവിഡ് കാരണം എല്ലാ തരത്തിലും അഡിമിഷന്റെ കാര്യത്തിലെല്ലാം സംശയവും സങ്കീര്‍ണതയും നില്‍ക്കുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും പെട്ടന്ന് ഒപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പലര്‍ക്കും ഏത് സര്‍ട്ടിഫിക്കറ്റുകള്‍ ഏത് സമയത്താണ് വേണ്ടത് എന്ന അറിവില്ല. കൂടാതെ അഡ്മിഷന്‍ നീട്ടിവെക്കുന്നത് സംബന്ധിച്ചും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു. ഇതുവരെ അതിനെക്കുറിച്ച് വ്യക്തത വന്നിട്ടുമില്ല.
ഈ സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യം ആയതിനാല്‍ കോവിഡ് ഭയമില്ലാതെയാണ് എല്ലാവരും അക്ഷയ സെന്ററുകളിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് സമ്പര്‍ക്കം മൂലം രോഗികള്‍ വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാനിടയുണ്ട. പല സ്ഥലങ്ങളും നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചുകഴിഞ്ഞു.
ആധാര്‍ അപ്‌ഡേഷന് വേണ്ടി മാത്രം നിരവധി കുട്ടികളാണ് തിരക്കുകൂട്ടി അക്ഷയയില്‍ എത്തുന്നത്. എന്നാല്‍ ആധാര്‍ അപ്‌ഡേഷന്‍ 17 വയസിന് മുന്‍പ് മാത്രം ചെയ്താല്‍ മതി എന്ന കാര്യം പലര്‍ക്കും അറിയില്ല. അതിനാല്‍ പല അക്ഷയ സെന്ററുകളും ഇത് നിര്‍ത്തിവെച്ചിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റി, ഇന്‍കം സര്‍ട്ടിഫിക്കറ്റുകളെല്ലാം സ്‌കൂള്‍ തുറന്നതിന് ശേഷം മാത്രം നല്‍കിയാല്‍ മതി. തിരക്ക് പിടിച്ച് വാങ്ങേണ്ട അവസ്ഥ ഇല്ല.
സ്‌കൂളുകളില്‍ അഡ്മിഷനു വേണ്ടി വീടുകളില്‍ നിന്ന് തന്നെ കുട്ടികള്‍ക്ക് ചെയ്യാനുള്ള ഒണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പ്രിന്റും സ്‌കാനിങ്ങും വേണ്ടതിനാല്‍ വീടുകളില്‍ നിന്ന് ചെയ്യാനുള്ള സാധ്യത കുറവാണ്. പ്ലസ് വണ്‍ അഡ്മിഷനായി മാര്‍ക്ക് ലിസ്റ്റും അഡ്ര്‌സ് ഡീറ്റയില്‍സ്, സ്‌കൂള്‍ ഡീറ്റയില്‍സ് എന്നിവയാണ് വേണ്ടത്. അക്ഷയ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിപ്പിക്കാനായി മറ്റ് ചില സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് എന്ന തരത്തിലെല്ലാം വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നു എന്ന പരാതിയും ഇതിനിടയിലുണ്ട്.