തിരുവനന്ത പുരം കിൻഫ്രയിൽ തീപിടുത്തമുണ്ടായ കെട്ടിടത്തിന് ഫയർ ഫോഴ്സ് എൻ ഓ സി ഇല്ലായിരുന്നുവെന്ന് ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് പോലീസ് ആണെന്നും സന്ധ്യ പറഞ്ഞു. ഫയര്‍ഫോഴ്‌സ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
ബ്ലീച്ചിങ് പൗഡറിൽ വെള്ളം വീണും ആൽക്കഹോൾ കലർന്ന വസ്തുക്കൾ തട്ടിയും ആകാം തീ പിടുത്തം ഉണ്ടായതെന്ന് കരുതാമെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബി സന്ധ്യ വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രഞ്ജിത്തിന്റെ വിയോഗത്തിലും ഫയര്‍ഫോഴ്‌സ് മേധാവി അനുസ്മരിച്ചു. പോലീസ് അന്വേഷണം തുടങ്ങിയാലേ തീപിടുത്തത്തിന്റെ കാരണം വ്യക്തമാകൂ. വലിയ ദുഃഖമാണ് രഞ്ജിത്തിന്റെ വിയോഗത്തിലൂടെയുണ്ടായതെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് പുലര്‍ച്ചെയോടെ തീപിടിച്ചത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. സംഭവ സമയത്ത് സെക്യൂരിറ്റി മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.

