പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ചാണ് കെ.സുരേന്ദ്രന്‍ രംഗത്തെത്തിയത്.
വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ സഹായിക്കുകയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണിത്.വോട്ടിനായി മതഭീകരവാദികളെ സര്‍ക്കാര്‍ സഹായിക്കുന്നു. തൃക്കാക്കരയില്‍ പോപ്പുലര്‍ ഫ്രണ്ട് ഇടതിനോപ്പമാണ്. പോപ്പുലര്‍ഫ്രണ്ടുമായും പിഡിപിയുമായും സഖ്യം ഉണ്ടാക്കി. വോട്ട്ബാങ്ക് താല്പര്യത്തില്‍ വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പി സി ജോര്‍ജിനെതിരെ കേസ് എടുത്തിട്ടും പി എഫ് ഐയ്ക്ക് എതിരെ നടപടിയില്ല. ഇത് ഇരട്ട നീതിയാണ്. വൈദികര്‍ക്കെതിരെ കേസ് എടുക്കുന്നു, മുസ്ലിം പണ്ഡിതന്‍മാര്‍ക്കെതിരെ കേസ് എടുക്കുന്നില്ല. സര്‍ക്കാര്‍ വര്‍ഗീയ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ചൂണ്ടികാട്ടി.
രണ്ടുദിവസം മുമ്പുനടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്കിടെ ഒരു ചെറിയ ആണ്‍കുട്ടിയാണ് മുദ്രാവാക്യം മുഴക്കിയത്. ആയിരക്കണക്കിനുപേരാണ് ഈ റാലിയില്‍ പങ്കെടുത്തത്. റാലിയില്‍ പങ്കെടുത്ത ഒരാളുടെ തോളിലിരുന്നാണ്’ അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളൂ നിന്റെയൊക്കെ കാലന്‍മാര്‍ വരുന്നുണ്ട്’ എന്നു തുടങ്ങുന്ന വിവിധ മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.