സെൻട്രൽ ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ അമീര്‍ അലി ആണ് കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ടത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മെയ് 12ന് ബദിയടുക്കയിൽ വച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീർ അലി പോലീസ് പിടിയിലായത്. ഈ വാഹനത്തിൽ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പൊലീസ് കണ്ടെടുത്തിരുന്നു. കേസിൽ റിമാൻഡിലായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള എ.എസ്.ഐയുടേയും രണ്ട് കോണ്‍സ്റ്റബിള്‍മാരുടേയും കൂടെ ബസ്സിലായിരുന്നു പ്രതിയെ കാസര്‍കോടേക്ക് കൊണ്ടുവന്നത്. കോടതിക്ക് സമീപം വിദ്യാനഗര്‍ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അമീര്‍ അലി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസുകാര്‍ അനുവദിച്ചതിനെ തുടര്‍ന്ന് മൂത്രമൊഴിക്കാനായി മാറിയ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.