Kerala News

പെട്രോളിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്ന കാര്യത്തില്‍ യുഡിഎഫിനും ബിജെപിക്കും ഏക അഭിപ്രായമെന്ന് തോമസ് ഐസക്ക്

കേരള സര്‍ക്കാര്‍ പെട്രോളിനു മേലുള്ള വാറ്റ് നികുതി കുറയ്ക്കണമെന്ന കാര്യത്തില്‍ യുഡിഎഫിനും ബിജെപിക്കും ഏക അഭിപ്രായമാണെന്ന് മുന്‍ ധനമന്ത്രി ഡോ തോമസ് ഐസക്. ഒരു പുതിയ യുദ്ധമുന്നണി സംസ്ഥാന സര്‍ക്കാരിനെതിരെ തുറക്കാനുള്ള ശ്രമത്തിലാണ് അവരെന്ന് തോമസ് ഐസക്ക് പരിഹസിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്ക് ഇരു മുന്നണികളെയും കുറ്റപ്പെടുത്തിയത്.

പെട്രോള്‍ വില സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം ഏതാണ്ട് ഒരുപോലെയാണ്. കോണ്‍ഗ്രസല്ലേ എണ്ണ വില നിശ്ചയിക്കാന്‍ എണ്ണ കമ്പനികള്‍ക്കു സ്വാതന്ത്ര്യം നല്‍കിയതും. പെട്രോളിനു സബ്‌സിഡി നല്‍കാനുള്ള ഓയില്‍പൂള്‍ അക്കൗണ്ട് വേണ്ടെന്നുവച്ചതും. ബിജെപി ആവട്ടെ ക്രൂഡോയില്‍ വില കുറഞ്ഞപ്പോള്‍ അതിന്റെ നേട്ടം തട്ടിയെടുക്കുന്നതിനുവേണ്ടി നികുതി കുത്തനെ വര്‍ദ്ധിപ്പിച്ചു. കമ്പോളത്തെപ്പിടിച്ച് ദിനംപ്രതി ആണയിടുന്നവര്‍ നികുതി വര്‍ദ്ധിപ്പിച്ച് കമ്പോളത്തിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരും കേരളത്തില്‍ ചെയ്തത് ഇതുതന്നെയായിരുന്നെന്നും തോമസ് ഐസക്ക് ചൂണ്ടികാട്ടുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കേരള സര്‍ക്കാര്‍ പെട്രോളിനു മേലുള്ള വാറ്റ് നികുതി കുറയ്ക്കണമെന്ന കാര്യത്തില്‍ യുഡിഎഫിനും ബിജെപിക്കും ഏക അഭിപ്രായമാണ്. ഒരു പുതിയ യുദ്ധമുന്നണി സംസ്ഥാന സര്‍ക്കാരിനെതിരെ തുറക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഏറ്റവും വിചിത്രമായ പ്രസ്താവന മുന്‍മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയുടേതാണ്.

”യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നുവച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് ജനങ്ങള്‍ക്കു നല്കിയത്. ഈ മാതൃകയാണ് ഇടതുസര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. യുഡിഎഫ് അധികാരം വിട്ട 2016 മെയ് മാസം പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഇപ്പോഴത് യഥാക്രമം 105.76, 94.69 രൂപയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് ഉയര്‍ന്ന വിലയുടെ കാരണം.”

ശ്രീ. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അദ്ദേഹം വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പെരുംനുണയാണ്.

പെട്രോള്‍ വില സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം ഏതാണ്ട് ഒരുപോലെയാണ്. കോണ്‍ഗ്രസല്ലേ എണ്ണ വില നിശ്ചയിക്കാന്‍ എണ്ണ കമ്പനികള്‍ക്കു സ്വാതന്ത്ര്യം നല്‍കിയതും. പെട്രോളിനു സബ്‌സിഡി നല്‍കാനുള്ള ഓയില്‍പൂള്‍ അക്കൗണ്ട് വേണ്ടെന്നുവച്ചതും. ബിജെപി ആവട്ടെ ക്രൂഡോയില്‍ വില കുറഞ്ഞപ്പോള്‍ അതിന്റെ നേട്ടം തട്ടിയെടുക്കുന്നതിനുവേണ്ടി നികുതി കുത്തനെ വര്‍ദ്ധിപ്പിച്ചു. കമ്പോളത്തെപ്പിടിച്ച് ദിനംപ്രതി ആണയിടുന്നവര്‍ നികുതി വര്‍ദ്ധിപ്പിച്ച് കമ്പോളത്തിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരും കേരളത്തില്‍ ചെയ്തത് ഇതുതന്നെയായിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ഒരു വര്‍ഷക്കാലത്ത് ക്രൂഡോയില്‍ വില കുറയാന്‍ തുടങ്ങി. അതിന്റെ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്കു കൊടുക്കാതിരിക്കാന്‍ വേണ്ടി തുടര്‍ച്ചയായി 13 തവണ നികുതി നിരക്ക് കൂട്ടി. 2014 ഓഗസ്റ്റില്‍ 26.21 ശതമാനമായിരുന്ന പെട്രോളിന്റെ സംസ്ഥാന നികുതി ആറുമാസം കൊണ്ട് 31.8 ശതമാനമാക്കിയ ഭരണാധികാരിയാണ് ശ്രീ. ഉമ്മന്‍ചാണ്ടി. അഞ്ചു ശതമാനത്തിലേറെ നികുതിയാണ് അദ്ദേഹം ആറു മാസം കൊണ്ട് വര്‍ദ്ധിപ്പിച്ചത്. സത്യം പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്നാണോ മോദി ക്രൂഡോയില്‍ വില കുറയുമ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ചു ജനങ്ങളുടെ പോക്കറ്റടിക്കാന്‍ പഠിച്ചതെന്നു സംശയിക്കേണ്ടിരിക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ അവകാശവാദത്തില്‍ ചെറിയൊരു ശരിയുണ്ട്. യുഡിഎഫ് ഭരണത്തിന്റെ തുടക്കത്തില്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നപ്പോള്‍ വാറ്റ് നികുതി നിരക്ക് കുറച്ച് ആനുപാതികമായി സംസ്ഥാനത്തിന് ഉണ്ടാവുന്ന നികുതി വര്‍ദ്ധന വേണ്ടെന്നു വയ്ക്കുകയുണ്ടായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഡിഎഫ് സര്‍ക്കാര്‍ പെട്രോളിനു 3 അല്ല, 4 തവണ നികുതി കുറച്ചിട്ടുണ്ട് (19-5-11, 18-9-11, 6-11-11, 25-05-12). ഡീസലിന് 1 തവണ അല്ല, 2 തവണ കുറച്ചിട്ടുണ്ട് (29-6-11, 16-9-12). ഇതിന്റെ ഫലമായി 680 കോടി രൂപ നികുതി നഷ്ടമുണ്ടായി എന്നാണു ഉമ്മന്‍ചാണ്ടി പറയുന്നത്.

എന്നാല്‍ അതു കഴിഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത് എന്ത്? പെട്രോളിന്റെ നികുതി 13 തവണയും ഡീസലിന്റെ നികുതി 5 തവണയും വര്‍ദ്ധിപ്പിച്ചു.

ഇതിന്റെ ഫലമായി യുഡിഎഫ് ഭരണമൊഴിയുമ്പോള്‍ പെട്രോളിന്റെ നികുതി നിരക്ക് 29.01 ശതമാനത്തില്‍ നിന്ന് 31.8 ശതമാനമായി ഉയര്‍ന്നു. എന്തൊരു ആത്മാര്‍ത്ഥത! തുടര്‍ന്ന് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് 1-6-18-ല്‍ പെട്രോള്‍ നികുതി നിരക്ക് 30.08 ശതമാനമായി താഴ്ത്തിയത്.

യുഡിഎഫ് ഭരണം ഏല്‍ക്കുമ്പോള്‍ ഡീസലിന്റെ നികുതി നിരക്ക് 24.69 ശതമാനമായിരുന്നു. ഭരണം അവസാനിക്കുമ്പോള്‍ അത് 24.52 ശതമാനമാണ്. എല്‍ഡിഎഫ് സര്‍ക്കാരാണ് 1-6-18-ല്‍ ഇത് 22.76 ശതമാനമായി താഴ്ത്തിയത്.

നാലു തവണ നികുതി കുറച്ചതുകൊണ്ട് ആ കാലത്ത് 680 കോടി രൂപയുടെ നികുതിയിളവ് നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ ആ കാലയളവില്‍ ആകെ 13 തവണ നികുതി വര്‍ധിപ്പിച്ചതിലൂടെ ഏകദേശം അതിന്റെ നാലിരട്ടി തുക അധിക നികുതിയായി പിരിച്ചെടുത്തു.

എല്‍ഡിഎഫ് സര്‍ക്കാര്‍ 0-6-18-ല്‍ പെട്രോളിന്റെ നികുതി 30.08 ശതമാനമായും ഡീസലിന്റെ നികുതി 22.76 ശതമാനമായും കുറച്ചതിന്റെ ഫലമായി അന്നത്തെ നിരക്കനുസരിച് 509 കോടി രൂപ നികുതിയിളവായി ജനങ്ങള്‍ക്ക് ലഭിച്ചു. പെട്രോളിയം വിലക്കയറ്റം കൂടെ കണക്കാക്കിയാല്‍ ഇതുവരെ കുറഞ്ഞത് 1500 കോടി രൂപയെങ്കിലും ജനങ്ങള്‍ക്ക് നികുതിയിളവായി നല്‍കിയിട്ടുണ്ട്.

കേരള സര്‍ക്കാര്‍ നികുതി കുറയ്ക്കുന്നില്ല എന്നാണ് മഴവില്‍ മുന്നണിയുടെ നിലവിളി. കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ല. നികുതി വര്‍ദ്ധിപ്പിച്ചവരാണ് വര്‍ദ്ധനയില്‍ നിന്ന് പിന്മാറേണ്ടത്. ഇപ്പോഴും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വര്‍ദ്ധിപ്പിച്ച പെട്രോള്‍ നികുതിയില്‍ 12.27 രൂപയും ഡീസല്‍ നികുതിയില്‍ 10.47 രൂപയും ഇനിയും കുറയ്‌ക്കേണ്ടതായിട്ടുണ്ട്. അതിനുള്ള ബഹുജന സമ്മര്‍ദ്ദമുയര്‍ത്താന്‍ കേന്ദ്രത്തിനും ബിജെപിയ്ക്കും എതിരെയാണ് സമരം ചെയ്യേണ്ടത്.

ബിജെപി നേതാവ് കെ സുരേന്ദ്രന്റെയൊക്കെ രോഷപ്രകടനം ഏറ്റവും വലിയ ഹാസ്യപരിപാടിയായി മാറിയിട്ട് കാലമേറെയായി. കേരളം നികുതി കുറച്ചില്ലെങ്കില്‍ ഭയങ്കര സമരം നടത്തുമെന്നാണ് വെല്ലുവിളി. ആരാ വെല്ലുവിളിക്കുന്നത് – അമ്പതു രൂപയ്ക്കു പെട്രോളും ഡീസലും കിട്ടുമെന്ന് ഗീര്‍വാണം മുഴക്കി നടന്ന അതേ കക്ഷി. പറയുന്നതുകേട്ടാല്‍ തോന്നും അമ്പതു രൂപയ്ക്ക് എണ്ണ കിട്ടുന്നതിനുള്ള തടസം കേരളത്തിന്റെ നികുതിയാണെന്ന്. ഏതായാലും കൂട്ടത്തിലേറ്റവും വലിയ തമാശക്കാരനുള്ള അവാര്‍ഡ് ഇപ്പോഴും കക്ഷിയ്ക്കു തന്നെ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!