തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടറെ പിടി കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഐഡന്‍റിറ്റി കാര്‍ഡ് ധരിച്ചിരിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് നടന്നത് ഒറ്റ പെട്ട സംഭവമാണെങ്കിലും ഇനി ആവർത്തിക്കാതിരിക്കാനാണ് കർശന നടപടി സ്വീകരിക്കുന്നത്.
സുരക്ഷാ ജീവനക്കാര്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവാദപ്പെട്ടവര്‍ ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്നും മന്ത്രി കർശന നിർദേശം നൽകി. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതിദിനം ആയിരക്കണക്കിന് ആളുകൾ വന്ന് പോകുന്ന മെഡിക്കൽ കോളേജുകളിൽ രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേ സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ മറ്റൊരാള്‍ക്കുകൂടി പാസ് അനുവദിക്കുകയുള്ളു.