വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന കോടതി വിധി സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി ആന്റണി രാജു. കോടതി വിധി എന്തായാലും കിരണ്‍കുമാറിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കില്ലെന്നും ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ടെന്നും ആന്റണി രാജു പറഞ്ഞു. പ്രതി കിരണ്‍ കുമാറിനെതിരെ ഏറ്റവും വലിയ ശിക്ഷയാണ് അന്ന് ഗതാഗത വകുപ്പ് നല്‍കിയത്. പൊതുസമൂഹം അതിനെ മൊത്തമായി സ്വാഗതം ചെയ്തതാണ്. എന്നാല്‍ ചില നിയമവൃത്തങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായാതായും ചിലര്‍ ആ നടപടിയെ രാഷ്ട്രീയ കാരണങ്ങളാല്‍ വിമര്‍ശിക്കുകയും ചെയ്തത് ഏറെ പ്രയാസമുണ്ടാക്കിയെന്നും ആന്റണി രാജു പറഞ്ഞു.സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ വിധി ഒരു പാഠമാകണം. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഏകപ്രതി കിരൺകുമാർ വീണ്ടും ജയിലിലേക്ക് പോവുകയാണ്. ആത്മഹത്യാ പ്രേരണ കോടതിയിൽ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ പ്രതികരിച്ചു. സംഭവങ്ങൾ പൊതുസമൂഹത്തിലെത്താൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി പറയുന്നു. ഇനിയും നിരവധി ഓഡിയോ ക്ലിപ്പുകളുണ്ട്. അതെല്ലാം കേട്ടുകഴിഞ്ഞാൽ മാത്രമേ വിസ്മയ അനുഭവിച്ച പീഡനത്തിന്റെ വ്യാപ്തി എന്താണെന്ന് മനസിലാവുകയുള്ളൂ. ഈ അവസ്ഥയിൽ കൂടുതലൊന്നും പറയാനാകില്ലെന്നും വിസ്മയയുടെ അമ്മ കൂട്ടിച്ചേർത്തു.
വിധി സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമാകണം, സ്വാഗതം ചെയ്ത് ആന്റണി രാജു,

