പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ പൂര്‍ണമായും വനിതാജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി ചരിത്രം സൃഷ്ടിച്ച് സൗദിയില്‍ വിമാന സര്‍വീസ്. ഫ്ളാഗ് കാരിയറായ സൗദിയുടെ ബജറ്റ് സബ്സിഡിയറിയായ ഫ്ളൈഡീല്‍ നടത്തുന്ന വിമാനത്തില്‍ തലസ്ഥാനമായ റിയാദില്‍ നിന്ന് ജിദ്ദലേക്കുള്ള യാത്രയിലാണ് വനിതാ ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചതെന്ന് ഫ്ളൈഡീല്‍ വക്താവ് ഇമാദ് ഇസ്‌കന്ദറാണി പറഞ്ഞു.
ഈ രീതിയിലുള്ള സൗദിയിലെ ആദ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് ആണിത്. ഏഴംഗ ക്രൂവില്‍ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നുവെന്നും ഫ്ലൈഡീല്‍ വക്താവ് ഇമാദ് പറഞ്ഞു.
സഹ പൈലറ്റിന്റെ സീറ്റിലിരുന്നത് 23 വയസ്സുകാരിയായ യാര ജാന്‍. ചരിത്രപരമായ ഈ ദൗത്യത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അതിയായ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് യാര ജാന്‍ പ്രതികരിച്ചു. ഒരു സൗദി യുവതി എന്ന നിലയില്‍ അഭിമാനകരമായ ചുവടുവെപ്പിലൂടെ എന്റെ രാജ്യത്തെ നയിക്കാന്‍ ശ്രമിക്കുകയാണ് എന്നതില്‍ അതിയായ സന്തോഷമാണുള്ളതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
കൂടാതെ, യു.എ.ഇ.യില്‍നിന്ന് ആദ്യമായി എയര്‍ബസ് എ 320 സിവില്‍ എയര്‍ക്രാഫ്റ്റ് അന്താരാഷ്ട്രതലത്തില്‍ പറത്തിയ റാവിയ അല്‍-റിഫി, സൗദി കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സോടെ പറക്കുന്ന ആദ്യവനിത ഹനാദി സക്കറിയ അല്‍ ഹിന്ദി, കൂടാതെ സൗദിയിലെ ഒരു വാണിജ്യവിമാനത്തില്‍ സഹപൈലറ്റായ ആദ്യവനിത യാസ്മിന്‍ അല്‍-മൈമാനിയ എന്നിവരും ഇവരില്‍ ഉള്‍പ്പെട്ടിരുന്നു.
രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.