യാസ് ചുഴലിക്കാറ്റിനെതിരായ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വകുപ്പുതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. സർക്കാർ ഉദ്യോഗസ്ഥരും ദുരന്തനിവാരണ, ടെലികോം, പവർ, സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥരും പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മറ്റ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ അടക്കം ഇന്ത്യൻ സൈന്യം സജ്ജമാണ്. യാസ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷയിൽ പന്ത്രണ്ടോളം ട്രെയിനുകൾ റദ്ദാക്കി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും രക്ഷാ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കൽ വിലയിരുത്തി.
മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച രാവിലെയാണ് ന്യൂനമർദം രൂപപ്പെട്ടത്. സഞ്ചാരപഥത്തിൽ കേരളമില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ 26 വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. 26ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കൻ ഒഡീഷ തീരത്തിനുമിടയിൽ ചുഴലിക്കാറ്റ് എത്തിച്ചേരും. വൈകിട്ട് കര തൊടും. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഇല്ലെങ്കിലും ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.