സാമ്പത്തിക മാന്ദ്യത്തിനെത്തുടര്‍ന്ന ജി.എസ്.ടിയില്‍ സെസ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. അഞ്ച് ശതമാനത്തിന് മുകളിലുള്ള ജി.എസ്.ടി വരുമാനത്തില്‍ ദുരന്തനിവാരണ സെസ് ചുമത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും.
നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാനിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് രണ്ട് ശതമാനം ആയിരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ കണക്കുകളെ തള്ളുന്നതാണ് ആര്‍ബിഐ ഗവര്‍ണറുടെ പ്രസ്താവന. ആഭ്യന്തര വളര്‍ച്ചാനിരക്ക് നെഗറ്റീവിലേക്ക് പോകാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞത്. കാര്‍ഷിക-ഉത്പാദന മേഖലകളില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.