കോവിഡ് രോഗികളുടെ മുഴുവന്‍ വിവരങ്ങളും സംസ്ഥാന സര്‍ക്കാരിന് കൈമാറിയതായി സ്പ്രിന്‍ക്ലര്‍. ശേഷിക്കുന്ന ബാക്ക് അപ് ഡേറ്റകള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നശിപ്പിച്ചതായും സ്പ്രിന്‍ക്ലര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കോവിഡ് രോഗികളുമായി ബന്ധപ്പെട്ട ഒരുവിവരവും തങ്ങളുടെ കൈവശമില്ലന്നാണ് സ്പ്രിന്‍ക്ലര്‍ കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡേറ്റകളും സോഫ്റ്റ് വെയറും കൈമാറി കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ശേഖരിച്ച ഡേറ്റ എന്തു ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഈ ബാക്ക് അപ് ഡാറ്റകള്‍ നശിപ്പിച്ചുവെന്നും സ്പ്രിന്‍ക്ലര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ചിട്ടുണ്ടന്നും കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്പ്രിന്‍ക്ലര്‍ തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഇനി പൂര്‍ണമായും സിഡിറ്റിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും. ഡാറ്റ സൂക്ഷിക്കുന്ന സിഡിറ്റ് അക്കൗണ്ടിലേക്ക് സ്പ്രിന്‍ക്ലറിന് പ്രവേശനം അനുവദിക്കില്ലന്നും വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്പ്രിന്‍ക്ലറിന്റെ വിശദീകരണം.