ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് കാറുടമയ്ക്ക് പൊലീസിന്റെ പിഴ. രണ്ട് തവണയാണ് ആലപ്പുഴ പട്ടണക്കാട് കടക്കരപ്പള്ളി സ്വദേശിയായ സുജിത്തിന് പൊലീസ് നോട്ടിസ് നല്‍കിയത്. സുജിത്തിന്റെ കാറിന്റെ അതേ നമ്പറിലുള്ള ബൈക്കില്‍ ഹെല്‍മറ്റ് വയ്ക്കാതെ രണ്ടുപേര്‍ സഞ്ചരിക്കുന്നതിന്റെ ക്യാമറ ചിത്രം നല്‍കിയാണ് നോട്ടിസ്.
തനിക്ക് ഇതേ നമ്പരില്‍ കാര്‍ മാത്രമേയുള്ളൂവെന്ന രേഖകള്‍ ഹാജരാക്കിയിട്ടും പൊലീസും മോട്ടര്‍വാഹന വകുപ്പും നടപടിയെടുക്കുന്നില്ലെന്ന് സുജിത്ത് പറയുന്നു. 2022 ഡിസംബർ 26നാണ് ആലപ്പുഴ ട്രാഫിക് പൊലീസിന്റെ ആദ്യ നോട്ടിസ് ലഭിക്കുന്നത്. തന്റെ പിഴവാണെന്ന് കരുതി 500 രൂപ പിഴയടച്ചു. പിന്നീട് നോട്ടിസ് വിശദമായി പരിശോധിച്ചപ്പോഴാണ് ഹെൽമറ്റ് ഇല്ലാത്തതിനാണ് പിഴയെന്ന് മനസ്സിലായത്. ഉടൻതന്നെ പൊലീസിൽ പരാതി നൽകി.
തനിക്ക് ആ നമ്പറിൽ കാർ മാത്രമേയുള്ളൂ, ബൈക്കില്ല. ഇപ്പോൾ ആലുവ റൂറൽ കൺട്രോൾ റൂമിൽനിന്ന് പിഴ നോട്ടിസ് വന്നിരിക്കുകയാണ്. മോട്ടർ വാഹനവകുപ്പിൽ പരാതിപ്പെട്ടെങ്കിലും എന്തുചെയ്യാനാണെന്നാണ് മറുപടി ലഭിച്ചതെന്ന് സുജിത്ത് പറയുന്നു.