കോവളം-ബേക്കല്‍ ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാലിന് കുറുകെ നിര്‍മിച്ച മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി. ഫ്രെബ്രുവരി 26ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം നാടിന് സമര്‍പ്പിക്കും.
വടകര-മാഹി കനാല്‍ കുറ്റ്യാടി പുഴയില്‍ ചേരുന്ന മണിയൂര്‍ പഞ്ചായത്തിലെ മൂഴിക്കലിലാണ് മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ലോക്ക് കം ബ്രിഡ്ജ് നിര്‍മിച്ചത്. വടകര-മാഹി ജലപാതയുടെ ഭാഗമായി ഇരുകരകളെ ബന്ധിപ്പിക്കുന്നതിനും കനാലില്‍ ശുദ്ധജലം നിലനിര്‍ത്തുന്നതിനും ഉപ്പുവെള്ളം കയറുന്നത് തടയാനും പുതിയ പാലം സഹായകരമാകും.
2021 ജൂലൈയിലാണ് പ്രവൃത്തി ആരംഭിച്ചത്. 31.4 കോടി രൂപ ചെലവില്‍ തീരദേശ കപ്പല്‍ ഗതാഗത ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് മുഖേന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല. പാലം, മെക്കാനിക്കല്‍ ലോക്ക്, അപ്രോച്ച് റോഡ് ഉള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
വടകര-മാഹി കനാലിന് കുറുകെ 17.6 കോടി രൂപ ചെലവില്‍ കോട്ടപ്പള്ളിയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം പി, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

