തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കല്‍പക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപിക്ക് കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നാണ് ബിജെപി പിടിച്ചെടുത്തത്.
പാലക്കാട് പൂക്കോട്ടുകാവിലും എല്‍.ഡി.എഫ് വിജയിച്ചു. പാലക്കാട് ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലും എല്‍.ഡി.എഫിനാണ് മുന്നേറ്റം. എടവനക്കാട് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. മൂന്നാര്‍, മൂലക്കട വാര്‍ഡുകളിലും യു.ഡി.എഫിനാണ് ജയം. നാരങ്ങാനം കടമനിട്ടയിലും യു.ഡി.എഫ് വിജയിച്ചു. കണ്ണൂര്‍ മാടായി, രാമന്തളി വാര്‍ഡുകളിലും യു.ഡി.എഫിനാണ് ജയം. പാലക്കാട് തിരുവേഗപ്പുറം സീറ്റ് യു.ഡി.എഫ് നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന കോട്ടക്കല്‍ നഗരസഭയിലെ രണ്ടു വാര്‍ഡുകളും യു.ഡി.എഫ് നിലനിര്‍ത്തി. മുസ്‌ലിം ലീഗ് നഷ്വ ഷാഹിദ് രണ്ടാം വാര്‍ഡിലും പതിനാലാം വാര്‍ഡില്‍ ഷഹാന ഷഫീറുമാണ് വിജയിച്ചത്. ഇന്ന് രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്.