ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സി പോരാട്ടം ഇന്ന് രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിൽ നടക്കും.ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒറ്റ ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു.
പോയിൻറ് പട്ടികയിൽ ഹൈദരാബാദ് ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തുമാണ്.
മുംബൈയുടെ കുതിപ്പില്‍ അഞ്ചാം സ്‌ഥാനത്തായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലെത്താന്‍ ഇന്ന് അവസരമുണ്ട്. പോയിൻ്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനക്കാരായ ഹൈദരാബാദ് എഫ്.സിയെ പരാജയപ്പെടുത്തിയാൽ ബ്ലാസ്‌റ്റേഴ്‌സ് 30 പോയിന്റുമായി മുംബൈക്കു മുന്നിലെത്തും. 16 മത്സരങ്ങളിൽ നിന്നും ഇവാൻ വുകുമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിന് ഉള്ളത് 27 പോയിന്റാണ്. ടീമിന് ബാക്കി ഉള്ളത് ഹൈദരാബാദിനോട് ഉൾപ്പെടെ നാലേ നാലു മത്സരങ്ങൾ.
ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ പ്രതിരോധ താരം റുയിവാ ഹോർമിപാം ക്യാംപിൽ തിരിച്ചെത്തിയിട്ടുണ്ട്. മത്സരത്തിനിടെ ഗോളി പ്രഭ്‌സുഖാന്‍ ഗില്ലുമായി കൂട്ടിയിടിച്ച് തലയ്ക്കാണ് 21കാരനായ ഹോർമിപാമിന് പരിക്കേറ്റത്. പിന്നീട് ശസ്ത്രക്രിയ നടത്തിയ താരത്തിന് സീസൺ നഷ്‌ടമാകുമെന്നായിരുന്നു കരുതിയിരുന്നത്.

