അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ഈ വാര്‍ത്ത പുറത്തുവരുന്നത്.
തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയില്‍ ഫര്‍സാന എന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്ന ബാനു ‘റാം റഹീം’ എന്ന പേര് നല്‍കുകയായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് ഈ പേരിട്ടതെന്ന് മുത്തശ്ശി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. നവീന്‍ ജെയിന് പറഞ്ഞു.
കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച ജനിച്ച 25 നവജാത ശിശുക്കളില്‍ പലര്‍ക്കും രാമനുമായി ബന്ധപ്പെട്ട പേരുകളാണ് മാതാപിതാക്കള്‍ നല്‍കിയതെന്ന് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി.