ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയിരിക്കെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന് ചെലവായത് ഒമ്പത് കോടി. നമസ്തേ ട്രംപ് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24, 25 ദിവസങ്ങളില്‍ നടത്തിയ പരിപാടിക്കും ഒരുക്കങ്ങള്‍ക്കുമായാണ് ഇത്രയും തുക ചെലവിട്ടതെന്നാണ് വിവരാവകാശ രേഖയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
17 റോഡുകളാണ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അറ്റകുറ്റപണി നടത്തിയത്. ഇതിനായി 7.86 കോടിയാണ് ചെലവിട്ടത്. പരിപാടിക്ക് ആളുകളെയെത്തിക്കാനുള്ള വാഹനം ഏര്‍പ്പാടാക്കിയത് 72 ലക്ഷം രൂപയ്ക്കാണ്. കുടിവെള്ള പാക്കറ്റുകള്‍ക്കായി 26.2 ലക്ഷം ചെലവിട്ടു. മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയം സാനിറ്റൈസ് ചെയ്യാന്‍ 6.49 ലക്ഷം, ട്രംപിന്റെ സഞ്ചാരപാതയിലെ രണ്ട് പാലങ്ങള്‍ പെയിന്റ് ചെയ്യാന്‍ 11 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചതായാണ് സാമുഹിക പ്രവര്‍ത്തകന്‍ രാജ് സിസോദിയ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയിരിക്കുന്നത്.
നമസ്തേ ട്രംപ് പരിപാടിക്കായി ആകെ 12.5 കോടി ചെലവഴിച്ചതായാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നത്. എട്ട് കോടി സര്‍ക്കാരിനും 4.5 കോടി കോര്‍പ്പറേഷനും ചെലവായെന്നായിരുന്നു കണക്കുകള്‍. നഗരം സൗന്ദര്യവത്കരിക്കാന്‍ ആറ് കോടിയും കലാകാരന്മാരും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെ ആഘോഷപരിപാടികള്‍ക്കായി നാല് കോടിയും ചെലവായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ട്രംപും ഭാര്യ മെലാനിയയും ന്യൂഡല്‍ഹി, ആഗ്ര, അഹമ്മദാബാദ് എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്. അഹമ്മദാബാദിലായിരുന്നു ആദ്യ സന്ദര്‍ശനം. ഇതിന്റെ ഭാഗമായി റോഡരികിലെ ചേരിപ്രദേശങ്ങള്‍ മറയ്ക്കാന്‍ 400 മീറ്റര്‍ നീളത്തില്‍ കൂറ്റന്‍ മതില്‍ നിര്‍മിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ട്രംപ് നഗരത്തില്‍ ചെലവഴിച്ചത്.