ന്യൂഡൽഹി: രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശകലനം ചെയ്യും. യോഗത്തിൽ നടപടിക്രമങ്ങളും പ്രധാനമന്ത്രി വിലയിരുത്തും. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 വകഭേദമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മുൻകരുതൽ നടപടികൾ ഊർജിതമായി നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തും ജാഗ്രതാ തുടരുകയാണ്. എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
പുതിയ കൊവിഡ് വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലും, മറ്റ് രാജ്യങ്ങളിൽ കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിലുമാണ് സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയത്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നും എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കും. സംസ്ഥാനത്തെ ആശുപത്രികളിൽ സൗകര്യം കൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം പുതിയ കോവിഡ് വകഭേദത്തിൽ നിലവിൽ ആശങ്ക വേണ്ടെങ്കിലും കരുതൽ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുൻകരുതൽ നടപടികൾ കർശനമാക്കും. എല്ലാവരും മാസ്‌ക് ധരിക്കണം. വായും മൂക്കും മൂടത്തക്കവിധമാണ് മാസ്‌ക് ധരിക്കേണ്ടത്. പ്രായമായവരുടെയും അനുബന്ധ രോഗമുള്ളവരുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക കരുതൽ വേണം. ഇടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണമെന്ന നിർദേശങ്ങളും യോഗത്തിൽ ആവർത്തിച്ചു. കൊവിഡ് രോഗലക്ഷണമുള്ളവരുടെ പരിശോധന വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം യോഗത്തിലാണ് തീരുമാനം.

