അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുട്ടിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധർ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തിയാണ് സാംപിൾ ശേഖരിച്ചത്. അനുപമയുടെയും പങ്കാളിയുടെയും സാംപിൾ ഉച്ചയ്ക്ക് രണ്ടിനു ശേഖരിക്കും.
അതേസമയം തന്റെയും ഭർത്താവിന്റെയും കുട്ടിയുടെയും ഡിഎൻഎ സാംപിൾ ഒരുമിച്ച് എടുക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് അനുപമ പ്രതികരിച്ചു. തെറ്റു ചെയ്തവർക്കു സാംപിൾ എടുക്കാനുള്ള ഉത്തരവാദിത്തം കൊടുത്താൽ അവർ പ്രതികാര മനോഭാവത്തോടെ പെരുമാറുമെന്നും അനുപമ പറഞ്ഞു.
രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫലം അനുസരിച്ചായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക. 30 നാണ് കുടുംബക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.ഇന്നലെ രാത്രി എട്ടരയോടെയാണ് ആന്ധ്ര പ്രദേശിലുള്ള ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചത്. പാളയത്തുള്ള സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടെക്ഷന്‍ ഓഫിസര്‍ക്കാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല.