തിരുച്ചിറപ്പള്ളിയില്‍ പട്രോളിങ്ങിനിടെ സബ് ഇൻസ്പക്ടറെ വെട്ടിക്കൊന്ന കേസിൽ നാലു പേർ പിടിയിൽ ഇവരില്‍ പത്തും പതിനേഴും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ് . നവല്‍പേട്ട് സ്റ്റേഷന്‍ എസ്.ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. രണ്ടു പേർ ബൈക്കിൽ ആടിനെ മോഷ്ടിച്ചു കൊണ്ടുപോകുന്നതു കണ്ടു തടയാൻ ശ്രമിച്ചപ്പോൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം.
പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പൊലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടരുകയായിരുന്നു.വേഗത്തിൽപ്പോയ മോഷ്ടാക്കൾ തിരുച്ചിറപ്പള്ളി കടന്ന് പുതുക്കോട്ട ജില്ലയിലേക്ക് കടന്നു. പിന്തുടർന്ന ഭൂമിനാഥൻ കീരനൂരിനടുത്തുവെച്ച് ഇവരെ പിടികൂടി.
ഇതിനിടെ മോഷ്ടാക്കൾ മാരകായുധങ്ങളെടുത്ത് എസ് ഐയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു.സംഘത്തിലെ രണ്ടുപേരെ വെള്ളക്കെട്ടുള്ള സബ് വേയില്‍ വെച്ച് ഭൂമിനാഥന്‍ തടഞ്ഞിരുന്നു അവിടെ വെച്ച് ഏറ്റമുട്ടല്‍ ഉണ്ടായി. പിന്നീട് അവിടെ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
കേസ് അന്വേഷിക്കുന്നതിനായി നാലംഗസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമിനാഥന്റെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഒരു കോടിരൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.