എം സിബിഗത്തുള്ള
കോഴിക്കോട് കാരന്തൂർ സ്വദേശി ഖദീജ ഹെന്നക്ക് Climate-resillience of Dwellings in Transition and the Thermal Behaviour of their Inhabitants ൽ ഡോക്ടറേറ്റ് . ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IlSc) നിന്നാണ് ഖദീജ ഹെന്ന ഡോക്ടറേറ്റ് നേടിയത്. മകൾക്ക് പി എച്ച് ഡി ലഭിച്ചതിന് പിന്നാലെ പിതാവ് അഷ്റഫ് ഹാജി മകളുടെ വിജയത്തിൽ സന്തോഷം അറിയിച്ച് എഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. ഡോക്ടറേറ്റ് നേടിയെടുക്കാനുള്ള മകളുടെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും ദൃഡ നിശ്ചയത്തിന്റേയും പോരാട്ടത്തിന്റേയും വിജയമാണ് മകളുടേത് എന്നും അഷ്റഫ് ഹാജി പറയുന്നു.
6 കൊല്ലം ഒരു പ്രൊഫസറുടെ കീഴിൽ ഗവേഷണം നടത്തി, തിസീസ് സമർപ്പിക്കാറായപ്പോൾ, ഗവേഷണ കാലയളവിൽ പ്രസവാവധി എടുത്തതിനാൽ പ്രബന്ധം യൂണിവേഴ്സിറ്റിക്ക് നിർദ്ദേശിക്കില്ലെന്നും അഞ്ച് വർഷം കൂടി ഗവേഷണ വിദ്യാർത്ഥിയായി തുടരണം എന്നുമായിരുന്നു പ്രൊഫസറുടെ നിലപാട്. പ്രസവാവധി എന്റെ അവകാശമാണെന്നും ഗവേഷണ കാലയളവിൽ അക്കാദമിക് രംഗത്ത് എന്റെ ഭാഗത്തു നിന്ന് വല്ല വീഴ്ചയും ഉണ്ടായിട്ടുണ്ടോ എന്നത് മാത്രമേ താങ്കൾ പരിഗണിക്കേണ്ടതുള്ളൂവെന്നും ഖദീജ ഹെന്ന വാദിച്ചുവെങ്കിലും പ്രൊഫസർ നിലപാട് മാറ്റാൻ തയ്യാറായില്ല.
പിന്നീട് ഖദീജ ഹെന്ന ഡീനിന് നൽകിയ പരാതിയിൽ മൂന്നംഗ കമ്മറ്റി രൂപീകരിച്ച്
രണ്ട് ഭാഗവും കേട്ട ശേഷം ഗവേഷണ കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മൂന്ന് നിർദ്ദേശങ്ങൾ ആണ് ഡീൻ മുന്നോട്ട് വെച്ചത്. ഗവേഷണം നിർത്തി മാസ്റ്റേഴ്സ് ബിരുദം വാങ്ങി പഠനം പൂർത്തിയാക്കുക, പ്രൊഫസർ ആവശ്യപ്പെട്ട പ്രകാരം വീണ്ടും അഞ്ച് വർഷം ഗവേഷണം തുടരുക,
തിസീസ്, കമ്മറ്റിക്ക് മുമ്പാകെ അവതരിപ്പിച്ച് കമ്മറ്റിയോട് ശുപാർശ ചെയ്യാൻ ആവശ്യപ്പെടുക എന്നിവയായിരുന്നു നിർദ്ദേശങ്ങൾ. പി എച്ച് ഡി എന്ന സ്വപ്നം ഉപേക്ഷിക്കാൻ തയ്യാറാവാതിരുന്ന ഖദീജ ഹെന്ന സ്വീകരിച്ചത് മൂന്നാമത്തെ വഴിയാണ്.
ഇതുവരെ ചെയ്ത പ്രവൃത്തിയിൽ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ ഹെന്ന ആറ് മാസം കൂടി ഗവേഷണം ചെയ്ത് കഴിഞ്ഞ ജനുവരിയിൽ അവതരിപ്പിച്ച തിസീസിനാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നതെന്നാണ് പിതാവിന്റെ കുറിപ്പ്.
ഫാക്കൽറ്റികളുടെ ഭാഗത്തു നിന്നുള്ള ക്രൂര നിലപാടുകളിൽ മനം നൊന്ത് പഠനം ഉപേക്ഷിച്ചവരും ആത്മഹത്യയിൽ അഭയം പ്രാപിച്ചവരുമായ നിരവധി വിദ്യാർത്ഥികൾ ഉള്ള നമ്മുടെ സമൂഹത്തിൽ ഗവേഷണ രംഗത്തേക്ക് എത്തുന്ന ഓരോ വിദ്യാർഥിക്കും വഴികാട്ടിയാവുന്നതാണ് മകളുടെ നേട്ടം എന്നും പിതാവ് അഷ്റഫ് ഹാജി പറഞ്ഞു.
ഖദീജ ഹെന്നയുടെ നേട്ടത്തിൽ എംഎൽഎ പിടി എ റഹീം ഉൾപ്പെടെ നിരവധി പേർ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പല യൂണിവേഴ്സിറ്റികളിലും കരിഞ്ഞുവീണ യൗവനങ്ങളുടെ വറ്റാത്ത സങ്കടങ്ങൾക്ക് മുമ്പിൽ പ്രത്യാശയുടെ തിരി തെളിയിച്ച ഖദീജ ഹെന്ന ഒരു പോരാളിയായതിൽ വലിയ അത്ഭുതമൊന്നുമില്ല. അശ്റഫ് ഹാജിയെന്ന കരുത്തന്റെ മകൾ വിജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തയാവില്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? എന്നാണ് ഖദീജ ഹെന്നയുടെ വിജയത്തിൽ അഭിനന്ദിച്ച് എംഎൽഎ പിടി എ റഹീം പറഞ്ഞത്.
പൂവമ്പറത്ത് അഷ്റഫ് ഹാജിയുടേയും ഭാര്യ സമീറയുടേയും അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് ഖദീജ ഹെന്ന.
ഖദീജയുടെ മൂന്ന് സഹോദരിമാർ ഡോക്ടർമാരാണ്. ഏക സഹോദരൻ കൽക്കത്ത ഐ ഐ എമ്മിൽ MBA വിദ്യാർത്ഥിയാണ്.വയനാട് വാര്യാട് സ്വദേശി നീലിക്കണ്ടി റിജാസാണ് ഹെന്നയുടെ ഭർത്താവ്