കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായ സംഭവത്തിൽ പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ എക്സൈസ് കണ്ടെടുത്തു.പെണ്‍കുട്ടികളടക്കമുള്ളവരുടെ പേര് വിവരവും പണം തരാനുള്ളതിന്റേയും തന്നതിന്റെയും പൂര്‍ണ വിവരവുമാണ് ലിസ്റ്റിലുള്ളത്. ചെറിയ കുട്ടികളടക്കം ഇവരുടെ ലിസ്റ്റിലുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.പതിനേഴും 25 ഉം വയസ്സിന് ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. കടമായി ലഹരി നൽകിയവരുടെ ലിസ്റ്റാണിതെന്നും ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് കേസിൽ പിടിയിലായത്. ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ എക്‌സൈസ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.