എകെജി സെന്റർ ആക്രമണത്തിൽ ഒരു യുവതിക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം. ആക്രമണത്തിനായി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ ഗൗരീശപട്ടത്ത് എത്തിച്ചത് ഒരു യുവതിയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂട്ടർ എത്തിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ചത്. ഗൗരീശപട്ടത്ത് കാറിൽ കാത്തിരുന്ന ജിതിന് ഒരു യുവതി എത്തി സ്കൂട്ടർ കൈമാറി.
എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ ശേഷം തിരിച്ചെത്തി ഈ സ്കൂട്ടർ ജിതിൻ യുവതിക്ക് തന്നെ കൈമാറി. ശേഷം യുവതി ഈ സ്കൂട്ടർ തിരികെ ഓടിച്ചു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചതായാണ് അന്വേഷണസംഘം അറിയിച്ചത്.
ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ജിതിനെ ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ജിതിൻ കുറ്റം സമ്മതിച്ചെന്നാണ് അന്വേഷണസംഘം അറിയിച്ചത്. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ തുടർച്ചായി ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് സിപിഐഎം ഓഫീസിന് നേരെ ആക്രമണം നടത്തിയതെന്ന് ജിതിൻ സമ്മതിച്ചു. അതേസമയം, ജിതിന്റെ അറസ്റ്റിനെതിരെ രൂക്ഷ വിമർശനങ്ങളുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകരെ പ്രതിയാക്കുന്ന സമീപനം നോക്കിയിരിക്കില്ലെന്ന് സുധാകരൻ പറഞ്ഞു.