ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച് സംസാരിച്ചതിന് മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. അതിന് പിന്നിൽ യുഡിഎഫിന്റെ ആസൂത്രിത നാടകമാണ്. അവിടെ നടന്നത് ആൾമാറാട്ടമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിയും വരെ ഇതുപോലുള്ള വാർത്തകൾ യുഡിഎഫ് സൃഷ്ടിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സതിയമ്മ ആൾമാറാട്ടം നടത്തി ജോലി ചെയ്‌തു. ക്രിമിനൽ കേസെടുക്കേണ്ട സംഭവമാണ്. കേസെടുക്കുന്ന കാര്യം മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. വകുപ്പ് മന്ത്രിക്ക് എൽഡിഎഫ് പരാതി നൽകി. വിഷയത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. ലിജിമോൾക്ക് പകരം സതിയമ്മ ജോലി ചെയ്ത് ആ പണവും വാങ്ങിയതാണെന്നും വിഎൻ വാസവൻ വ്യക്തമാക്കി.സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞപ്പോൾ പിരിച്ചുവിട്ടതാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും പറഞ്ഞു. സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തുണ്ട്. സതിയമ്മയെ പിരിച്ചുവിട്ടതിൽ മൃഗ സംരക്ഷണ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.തനിക്കെതിരായ അന്വേഷണങ്ങളിൽ നിന്ന് രക്ഷപെടാനാണ് മാത്യു കുഴൽനാടൻ പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് വി എൻ വാസവൻ ആരോപിച്ചു. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. പറഞ്ഞത് തന്നെ ആവർത്തിക്കുകയാണ്. പാർട്ടി ഇതിനെല്ലാം വിശദീകരണം നല്കിയതാണെന്നും അദ്ദേഹം പറഞ്ഞു.