തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ രമേശ് ചെന്നിത്തലയ്ക്കുള്ള അതൃപ്തി കുഴപ്പമാകില്ലെന്ന് എ കെ ആന്‍റണി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ പ്രതീക്ഷിക്കുന്ന കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും ആന്‍റണി വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിൽ രമേശ് ചെന്നിത്തല നിലപാട് കടുപ്പിച്ചതോട അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് പാർട്ടി ഹൈക്കമാൻഡ്.
പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ ചുമതല നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം. ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ചെന്നിത്തലയ്ക്ക് അർഹതപ്പെട്ട സ്ഥാനം കിട്ടിയിട്ടില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അഭിപ്രായം. എല്ലാ പോസ്റ്റിലും എല്ലാവരെയും വയ്ക്കാൻ പറ്റില്ല. രമേശിന് അതൃപ്തിയില്ല. അദ്ദേഹത്തിന് പരിപൂർണ തൃപ്തിയുണ്ട്. രമേശിന് മാനസിക പ്രയാസമുണ്ടെങ്കിൽ അദ്ദേഹം പറയുമെന്നും സുധാകരൻ പ്രതികരിച്ചു.
പറയാനുള്ളത് പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം പറയുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടനയിലെ തൻറെ അമർഷം സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറിയിക്കാനാണ് ചെന്നിത്തലയുടെ തീരുമാനം.