ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ആണ് വിമര്‍ശനം. ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് ഗവര്‍ണര്‍ മേനി നടിക്കുകയാണെന്നും, ഗവര്‍ണറുടെ നടപടികള്‍ സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജനയുഗത്തില്‍ വിമര്‍ശിക്കുന്നു. ഗവര്‍ണര്‍ സര്‍വകലാശാലകള്‍ക്ക് എതിരെ നിഴല്‍യുദ്ധം നടത്തുകയാണെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീര്‍ത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സിപിഐ ആരോപിക്കുന്നു.
ഗവര്‍ണറുടെ നടപടികള്‍ ജനാധിപത്യ – ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളുടെ അജണ്ടകള്‍ക്കനുസൃതമായി താന്‍പ്രമാണിത്തത്തോടെയുള്ള തന്റെ നിലപാടുകളില്‍ ഉറച്ചു നില്ക്കുകയാണ് അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ആവര്‍ത്തിച്ചും തിരഞ്ഞെടുക്കപ്പെട്ടതും നിയമപരമായി നിയമിക്കപ്പെടുന്നതുമായ ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ചും മുന്നോട്ടുപോകുകയാണ് കേരള ഗവര്‍ണര്‍. അദ്ദേഹം കേരള, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അവയുടെ കീര്‍ത്തി നശിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളാണ് സമീപ ദിവസങ്ങളിലായി സ്വീകരിച്ചിരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടികാട്ടുന്നു.
സംസ്ഥാനത്തെ ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ കാലാവധി കഴിയാറായ ഓര്‍ഡിനന്‍സുകള്‍ പുനര്‍ വിജ്ഞാപനം ചെയ്യുന്നത് തടസപ്പെടുത്തുന്നതിന് ഗവര്‍ണര്‍ സന്നദ്ധനായി. പ്രതിസന്ധി ഒഴിവാക്കാന്‍ നിയമസഭാ സമ്മേളനം അടിയന്തരമായി വിളിച്ച് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഗവര്‍ണര്‍ സ്വയം പരിഹാസ്യനായി. ഇതേ തുടര്‍ന്നാണ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
കണ്ണൂര്‍, കേരള സര്‍വകലാശാലകള്‍ക്കെതിരെയാണ് ആരിഫ് മുഹമ്മദ്ഖാന്‍ ഇപ്പോള്‍ നിഴല്‍യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപരമായി അദ്ദേഹം തന്നെ നിയമിച്ച വൈസ് ചാന്‍സലര്‍മാരെയും ഗവര്‍ണര്‍ ചാന്‍സലറായിരിക്കുന്ന സര്‍വകലാശാലകളെയും രാജ്യാന്തര തലത്തില്‍ പോലും അപഹസിക്കുന്ന പ്രസ്താവനകളും നടപടികളുമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നത്. വിസിമാരുടെ യോഗ്യതയെ കുറിച്ചും കഴിവുകേടുകളെ കുറിച്ചും പരസ്യപ്രതികരണം നടത്തുന്ന ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നത്. അന്ധമായ രാഷ്ട്രീയമനസും താന്‍പ്രാമാണിത്ത ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് പ്രസ്തുത പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണ് കേരള ഗവര്‍ണര്‍ ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

