നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വീണ്ടും പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാര്‍. ദിലീപ് കോടതിയിൽ നൽകിയത് തെറ്റായ വിവരങ്ങൾ ആണെന്നും ദിലീപിന്റെ അഭിഭാഷകന് വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും ബാലചന്ദ്ര കുമാർ ആരോപിച്ചു. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം. തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. കേസില്‍ നാല്‍പ്പത് ദിവസം വിസ്തരിച്ചു. പറയാനുള്ളത് പൂര്‍ണ്ണമായും കോടതിയില്‍ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ‘ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തില്‍ വെച്ചായിരുന്നു വിസ്താരം നടത്തിയത്. പൊടിപടലം നിറഞ്ഞ അന്തരീക്ഷത്തില്‍ മാസ്ക് ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ല. ദിലീപിന്റെ അഭിഭാഷകരുടെ നിര്‍ബന്ധത്തിന് വഴങ്ങി മാസ്ക് നീക്കി. ഈ കാരണത്താല്‍ ആരോഗ്യ പ്രശ്നം ഗുരുതരമായി.’
‘ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. ചികിത്സ നിഷേധിക്കാനാണ് ശ്രമിച്ചത്. വിസ്താരത്തിന് എത്തിയപ്പോള്‍ കോടതി മുറ്റത്ത് ദിലീപിന്റെ ആളുകളെ കണ്ടു. തുടര്‍ന്ന് ഇക്കാര്യം കോടതിയെ അറിയിച്ചപ്പോള്‍ സുരക്ഷ ഒരുക്കി. എനിക്കെതിരെ ഭീഷണി ഇപ്പോഴും തുടരുന്നുണ്ട്. സ്വാധീനിക്കാനും പ്രതിഭാഗം ശ്രമിച്ചു. ഒരു അപകടം ഏത് സമയത്തും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. എനിക്ക് ഭയമുണ്ട്’, ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.