നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യയും മുന്‍ ഭാര്യ മഞ്ജു വാര്യരും സാക്ഷികള്‍.ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് എത്തും. നടന്‍ ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പു കൂടി ചേര്‍ത്തു. കേസിലെ നിര്‍ണായക തെളിവായ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് അന്വേഷണ സംഘം അധിക കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കാവ്യാമാധവനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. തെളിവു നശിപ്പിച്ചെന്ന ആരോപണത്തില്‍ അഭിഭാഷകര്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നെങ്കിലും കേസില്‍ അവരെയും പ്രതികളൊ സാക്ഷികളൊ ആയി ചേര്‍ത്തിട്ടില്ല.പത്തു ദിവസം കഴിഞ്ഞു കേസ് പരിഗണിക്കും എന്നു ആദ്യം കോടതി അറിയിച്ചെങ്കിലും പിന്നീട് 27നു പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങൾ കൂടി ചേർത്ത ശേഷമായിരിക്കും കേസ് 27നു വിചാരണക്കോടതി പരിഗണിക്കുക. മറ്റു പ്രതികൾക്കൊപ്പം ശരത്തിനെ പ്രതി ചേർത്തു വിചാരണ നടത്തുന്നതിനാണ് പ്രോസിക്യൂഷൻ തീരുമാനിച്ചിരിക്കുന്നത്.
ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ഉൾപ്പടെ 102 സാക്ഷികളെ ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. നടി കാവ്യ മാധവൻ, മഞ്ജു വാരിയർ, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരൻ തുടങ്ങിയവരെയും കേസിൽ സാക്ഷികളാക്കിയിട്ടുണ്ട്.