ഇന്ത്യയില്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍. നിശ്ചിത കാലയളവില്‍ അസാധാരണമായി മരണനിരക്കില്‍ വര്‍ധനയുണ്ടായതിനു കാരണം കോവിഡ് മരണങ്ങളാണെന്ന നിഗമനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകളെന്നും ഈ റിപ്പോര്‍ട്ടുകള്‍ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും പൂര്‍ണമായും തെറ്റാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ മരണ രജിസ്‌ട്രേഷന്‍ സംവിധാനം സുശക്തവും ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ചില മരണങ്ങള്‍, പകര്‍ച്ചവ്യാധികളുടെയും അതിന്റെ കൈകാര്യം ചെയ്യലിന്റെയും അടിസ്ഥാന പ്രമാണങ്ങള്‍ കാരണം തിരിച്ചറിയപ്പെടാത്ത പോയേക്കാം. എന്നാല്‍ മരണങ്ങള്‍ വിട്ടുപോകാന്‍ സാധ്യതയില്ലെന്നും മന്ത്രാലയം പറയുന്നു. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ച, ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടാത്തവരുടെ എണ്ണം ദശലക്ഷക്കണക്കിന് ഉണ്ടാവുമെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. കോവിഡ് മരണം സംബന്ധിച്ച ഔദ്യോഗിക കണക്കുകളില്‍ വ്യാപകമായ വിട്ടുപോകലുകളുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈയടുത്ത്, യു.എസിലും യു.കെയിലും നടത്തിയ ചില പഠനങ്ങളിലെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇന്ത്യയിലെ അധിക മരണനിരക്ക് കണക്കാക്കിയ മാധ്യമ റിപ്പോര്‍ട്ടുകള്‍. പ്രായത്തെ അടിസ്ഥാനപ്പെടുത്തിയ മരണനിരക്കായിരുന്നു ഈ രാജ്യങ്ങളില്‍ പഠനത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ജനതയുടെ വംശം, ഗോത്രം, ജനിതക ഘടന, മറ്റ് രോഗങ്ങളുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങളെ പരിഗണിക്കാതെ രോഗബാധിതരുടെ മരണം വ്യത്യസ്ത രാജ്യങ്ങളില്‍ സമാനമാണെന്ന നിഗമനം ശരിയല്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.