ലോകം കോവിഡ് ഭീതിയിൽനിന്ന് പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെ വീണ്ടും വിറപ്പിച്ച് നാലാം തരംഗം. ഫ്രാൻസ് കോവിഡ് നാലാം തരംഗത്തിനു മധ്യേയാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഴാങ് കാസ്റ്റെക്സ് പറഞ്ഞു. ഡെൽറ്റ വകഭേദമാണ് രാജ്യത്ത് കുടുതൽ അപകടം വിതക്കുന്നത്. സർക്കാർ ആരോഗ്യ പാസ് ശക്തമാക്കിയതോടെ ലൂവ്റെ മ്യൂസിയം, ഈഫൽ ടവർ എന്നിവിടങ്ങളിലെത്തുന്നവർ രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണം. ചില സിനിമ തിയറ്ററുകളും നിയമം കർശനമാക്കിയിട്ടുണ്ട്. രാജ്യത്ത് ജനസംഖ്യയുടെ 46 ശതമാനം പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.
്ഫ്രാൻസിൽ വീണ്ടും കോവിഡ് വ്യാപനം ശക്തമായതോടെ ഭരണ, പ്രതിപക്ഷങ്ങൾക്കിടയിൽ കടുത്ത വിവാദം സൃഷ്ടിച്ച വാക്സിൻ പാസ്പോർട്ട് സംവിധാനം സർക്കാർ പ്രാബല്യത്തിലാക്കി.
50പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾക്ക് നടപ്പാക്കിയ ‘ആരോഗ്യ പാസ്’ ഇനി റസ്റ്റൊറന്റുകൾ, കഫേകൾ, ഷോപ്പിങ് സെന്‍ററുകൾ എന്നിവിടങ്ങളിലും നിർബന്ധമാകും. ട്രെയിൻ, വിമാനം എന്നിവ വഴി ദീർഘദൂര യാത്രയും അതില്ലാതെ നടക്കില്ല.
രോഗ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവരിലാണ് പുതുതായി രോഗബാധ കൂടുതലെന്ന് കണ്ടാണ് നടപടിയെന്ന് അധികൃതർ പറയുന്നു. ബുധനാഴ്ച മാത്രം 24 മണിക്കൂറിനിടെ ഫ്രാൻസിൽ 21,000 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മേയ് മാസത്തിനു ശേഷം ഏറ്റവും ഉയർന്ന കണക്കാണിത്
നിയമപ്രകാരം ആദ്യ ആഴ്ച രണ്ടു ഡോസ് വാക്സിൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് കാണിക്കാത്തവരെ താക്കീത് ചെയ്തുവിടും. അതുകഴിഞ്ഞ ശേഷം വാക്സിൻ സ്വീകരിക്കാത്തവർക്ക് 1,500 യൂറോ പിഴ ചുമത്തും. 12-17 വയസ്സിനിടയിലുള്ള കുട്ടികൾക്ക് നിർബന്ധമാക്കിയിട്ടില്ല.
അതിനിടെ, വാക്സിൻ നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യത്ത് കടുത്ത പ്രതിഷേധവും തുടരുകയാണ്. പ്രസിഡന്‍റ് മാക്രോൺ ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ആരോപിച്ച് ഇവർ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി. പൊതു ഇടങ്ങളിൽ ആരോഗ്യ പാസ് നിർബന്ധമാക്കുന്നതിനെതിരെ ഭരണകക്ഷിക്കിടയിലും പ്രതിഷേധം നിലനിൽക്കുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ഇടതുപക്ഷ പാർട്ടികൾ ഇതിനെ വിമർശിക്കുന്നു.