Kerala News

ശശീന്ദ്രനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

നിയമസഭാ സമ്മേളനം ആരംഭിച്ച ദിവസമായ ഇന്നു തന്നെ വനംമന്ത്രി എ കെ ശശീന്ദ്രനെതിരായ പ്രതിഷേധം കടുപ്പിക്കാനുറച്ച് പ്രതിപക്ഷം. പാര്‍ട്ടി നേതാവിനെതിരെ ഉയര്‍ന്ന പീഡനപ്പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. സ്ത്രീപീഡനം ഒത്തുതീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടീരുന്നു. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.

ഇതിനിടെ, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സഭയ്ക്ക് പുറത്ത് എ കെ ശശീന്ദ്രനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭാ കോംപ്ലക്‌സിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജനസംഘടനകളും ഇവിടേക്ക് പ്രതിഷേധവുമായി എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എ കെ ശശീന്ദ്രന്‍ വിഷയത്തില്‍ സഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു. പ്രശ്‌നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണ്ട കാര്യമില്ല. പൊലീസ് കേസെടുക്കാന്‍ വൈകിയോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. ശശീന്ദ്രന്‍ ചെയ്തത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടുക മാത്രമാണ്. എന്‍സിപി കൊല്ലം ഗ്രൂപ്പില്‍ തനിക്കെതിരായി നടന്ന വാട്‌സാപ്പ് പ്രചാരണത്തില്‍ യുവതി പരാതി നല്‍കിയിരുന്നു. എന്‍സിപി സംസ്ഥാന ഭാരവാഹി പത്മാകരന്‍ തന്റെ കയ്യില്‍ കയറി പിടിച്ചെന്ന പരാതിയില്‍ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനില്‍ ഹാജരായില്ല. പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഉപവാസമനുഷ്ഠിച്ച ഗവര്‍ണറുടെ സമരത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോള്‍, അത് ഗാന്ധിയന്‍ സമരമാണെന്നും, ഇത് സര്‍ക്കാരിനെതിരെയുള്ള നീക്കമായി ഉയര്‍ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പാര്‍ട്ടിക്കാര്യമെന്ന തരത്തിലാണ് ഇടപെട്ടത്. എന്നാല്‍ അപ്പുറത്ത് ഇത് മറ്റിടങ്ങളില്‍ എത്തിക്കാനായിരുന്നു ശ്രമം, ഇത് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ല, എന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത എംഎല്‍എ പി സി വിഷ്ണുനാഥ്, മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ചു. എ കെ ശശീന്ദ്രന്‍ രാജി വയ്ക്കണം, അതല്ലെങ്കില്‍ മുഖ്യമന്ത്രി ശശീന്ദ്രന്റെ രാജി എഴുതിവാങ്ങണം. പരാതികള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി ഓഫീസുകളെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടോ? പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രിക്ക് പൊലീസ് നല്‍കിയത് കളവായ റിപ്പോര്‍ട്ടാണ്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴി പോലും പൊലീസ് എടുത്തിട്ടില്ല. മന്ത്രി പീഡനപ്പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നാണ് വാര്‍ത്ത. നിയമനടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രി വിളിച്ചത്. പീഡന പരാതി ഭ്രൂണാവസ്ഥയില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച ആരാച്ചാരാണ് മന്ത്രിയെന്നും വിഷ്ണുനാഥ് ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!