മുക്കം: കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനൊപ്പം ഫുട്ബോൾ കളിച്ച 30 കുട്ടികൾ നിരീക്ഷണത്തിൽ. നഗരസഭാ പരിധിയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മകനൊപ്പം ഫുട്ബോൾ കളിച്ച കുട്ടികളെയാണ് നിലവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നത്. നഗരസഭാ പരിധിയിൽ അഞ്ചു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പതിനാല് ദിവസം ക്വാറൻറീനിൽ കഴിഞ്ഞയാളുടെ കോവിഡ് പരിശോധനഫലം രണ്ടുദിവസം കഴിഞ്ഞ് ലഭിച്ചപ്പോൾ പോസിറ്റീവാകുകയായിരുന്നു. ഇയാൾ പതിനാല് ദിവസത്തെ ക്വാറൻറീനിന് ശേഷം ലക്ഷണമൊന്നും പ്രകടമാകാത്തതിനാൽ വീട്ടുകാരുമായി ഇടപഴകിയിരുന്നു. കുട്ടികൾ പുറത്തുപോയി മറ്റു കുട്ടികളോടൊപ്പം കളിക്കുകയും ഇടപഴകുകയും ചെയ്തു. ഇതിനിടെയാണ് കോവിഡ് പരിശോധനഫലം പോസിറ്റീവായത്. അതേസമയം, രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുക്കം പോലീസ് നടപടികൾ ശക്തമാക്കി. പൊതുജനങ്ങൾക്കായി സ്റ്റേഷൻ പരിധിയിലെ മുഴുവൻ അങ്ങാടികളിലും വാഹനത്തിൽ അനൗൺസ്‌മെൻറ് നടത്തി.

