മറ്റ് ഏത് സംസ്ഥാനത്തെ അപേക്ഷിച്ചും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകിയ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. “രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യതയോടെ, സമത്വപൂർവം പരിഗണിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഇത് ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ന്യൂനപക്ഷ വികസന വകുപ്പ് രൂപീകരിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് നാം,” സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സംഘടിപ്പിച്ച ജില്ലാതല സെമിനാർ കോവൂരിലെ പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന വിധം ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിനെ ചില കോണുകളിൽനിന്നും ദുർവ്യാഖ്യാനം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പ്രീണനം എന്ന വാക്ക് ഉപയോഗിച്ചാണ് ദുർവ്യാഖ്യാന ശ്രമം നടക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ക്ഷേമ പ്രവർത്തനങ്ങൾ ഉണ്ടാക്കിയ മാറ്റം മനസിലാക്കണമെങ്കിൽ കേരളത്തിന് പുറത്തുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുടെ അവസ്ഥയുമായി താരതമ്യം ചെയ്താൽ മതി. കേരള ജനസംഖ്യയുടെ 10.50 ശതമാനം വരുന്ന പട്ടികജാതി/വർഗ വിഭാഗങ്ങൾക്കും വലിയ തോതിലുള്ള പരിഗണനയാണ് സർക്കാർ നൽകുന്നത്, ” മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളിൽ നല്ല തോതിൽ ഇടപെടാൻ കഴിഞ്ഞതായി മന്ത്രി പ്രശംസിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ എ എ റഷീദ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ ഉമർ ഫൈസി മുക്കം, ജനറൽ കൺവീനർ ബാബു എബ്രഹാം, വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ജോണി ജോസഫ് (പെന്തക്കോസ്ത് സഭ) ഫാദർ ബേസിൽ ടി ഏലിയാസ് (യാക്കോബായ), ടി കെ അബ്ദുറഹ്മാൻ ബാഖവി (കേരള മുസ്ലിം ജമാഅത്ത്), അശോകൻ കെ ടി (കേരള ബുദ്ധമഹാസഭ), ഫാദർ പോൾ പേഴ്സി ഡിസിൽവ (ലത്തീൻ കാത്തലിക് അസോസിയേഷൻ കോഴിക്കോട് രൂപത), വി അബ്ദുൽസലാം (കെഎൻഎം), സിറാജുദ്ദീൻ ഇബ്നു ഹംസ (ജമാഅത്തെ ഇസ്ലാമി), പി കെ അബ്ദുൽ ലത്തീഫ് (എംഇഎസ്), അഫ്സൽ കൊളാടി (ഐഎഎംഇ), അബ്ദുൾ സഫീർ (വിസ്ഡം), ബിനു എഡ്വെഡ് (കേരള ലാറ്റിൻ കാതോലിക്ക്), പാസ്റ്റർ നോബിൾ തോമസ് എന്നിവർ സംസാരിച്ചു. കമ്മീഷൻ അംഗം എ സൈഫുദ്ദീൻ സ്വാഗതവും മറ്റൊരു അംഗം പി റോസ നന്ദിയും പറഞ്ഞു. തുടർന്ന് ‘ന്യൂനപക്ഷ സമൂഹവും വിജ്ഞാന തൊഴിലും’ എന്ന വിഷയത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചനും ‘ന്യൂനപക്ഷങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ’ എന്ന വിഷയത്തിൽ കമ്മീഷനംഗം പി റോസയും ‘കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് എന്ത്.. എന്തിന്..’ എന്ന വിഷയത്തിൽ അംഗം എ സൈഫുദ്ദീൻ ഹാജിയും സംസാരിച്ചു. സംശയ നിവാരണവും നടന്നു.