തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്തത് നാടകമെന്ന് മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെളിവ് നശിപ്പിക്കാൻ സർക്കാർതലത്തിൽ സഹായം ലഭിച്ചെന്നാണു ചെന്നിത്തലയുടെ ആരോപണം.
‘‘മുഖ്യമന്ത്രി, വിഷയത്തിൽ പ്രതികരിക്കുന്നില്ല. നിഖിലിനും തെളിവ് നശിപ്പിക്കാൻ സമയം കൊടുത്തിരുന്നു. ആർഷോയെ ചോദ്യം ചെയ്താൽ നിഖിൽ എവിടെയെന്നറിയാം. നിഖിലിന് സീറ്റ് വാങ്ങിക്കൊടുത്തത് ബാബുജാനാണ്’’– ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം കേസിൽ അറസ്റ്റിലായ വിദ്യയെ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. മഹാരാജാസിന്‍റെയെന്നല്ല ഒരു കോളജിന്‍റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യ പറഞ്ഞത്.
‘അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്, പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവും’’– വിദ്യ പൊലീസിൽ മൊഴിനൽകി.