പാലക്കാട്: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. മഹാരാജാസിന്‍റെയെന്നല്ല ഒരു കോളജിന്‍റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്.
ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ പൊലീസിൽ മൊഴിനൽകി.
കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പിടിയിലായ വിദ്യയെ രാത്രി പന്ത്രണ്ടരയോടെയാണ് അഗളിയില്‍ എത്തിച്ചത്. കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ.വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
സംശയ നിവാരണത്തിന് അട്ടപ്പാടി കോളജ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്നു മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂൺ 6ന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.