പ്ലസ്ടു ഫല പ്രഖ്യാപനത്തിനിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം തെറ്റായി വായിച്ചതിന്റെ പേരില്‍ പരിഹസിച്ച പി കെ അബ്ദുറബ്ബിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ശിവന്‍കുട്ടിയെ ട്രോളി സ്കൂള്‍ വരാന്തയില്‍ നില്ക്കുന്ന സ്വന്തം ചിത്രത്തിനൊപ്പം മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ട്രോളുമായി രംഗത്ത് എത്തിയത്.
മഴ നനയാതിരിക്കാന്‍ സ്കൂള്‍ വരാന്തയില്‍ കയറി നിന്നതല്ല…! ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ… – എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതിന് മറുപടിയുമായി വി ശിവന്‍കുട്ടി രംഗത്ത് എത്തിയത്. അക്കാലത്ത് കുട്ടികള്‍ വരാന്തയില്‍ പോലുമല്ലായിരുന്നു; പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പുറത്തായിരുന്നു..! – എന്ന ക്യാപ്ഷനില്‍ ‘വരാന്തയിലല്ല, ക്ലാസ് മുറികളിലേക്ക് കയറി കുട്ടികളെ കാണണം, മാറ്റം ചോദിച്ചറിയണം’ എന്ന് എഴുതിയ കുട്ടി പാഠപുസ്തകം വായിക്കുന്ന ചിത്രമാണ് മന്ത്രി ശിവന്‍കുട്ടി പോസ്റ്റ് ചെയ്തത്.
പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയ ജില്ലയുടെ കണക്കാണ് മന്ത്രി തെറ്റായി വായിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത്. 9353 കുട്ടികള്‍ ആയിരുന്നു ജില്ലയില്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. ഈ കണക്കാണ് മന്ത്രി തെറ്റി വായിച്ചത്. ട്രോളിന് പിന്നാലെ താന്‍ അത് പിന്നീട് തിരുത്തിയിരുന്നു എന്ന് കാണിക്കുന്ന വീഡിയോ മന്ത്രി തന്നെ പോസ്റ്റ് ചെയ്തിരുന്നു.