മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എൻ.എ ഖാദർ RSS പരിപാടിയിൽ പങ്കെടുത്ത സംഭവം പാർട്ടി നയത്തിന് എതിരാണെന്ന് എംകെ മുനീർ. ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് പാർട്ടി ചർച്ച ചെയ്യും. കെഎൻഎ ഖാദറിന്‍റെ വിശദീകരണം കൂടി കേൾക്കണം. ഇക്കാര്യം പാർട്ടി ഗൗരവത്തോടെ ചർച്ച ചെയ്യും.
കോഴിക്കോട് ചാലപ്പുറത്ത് കേസരി മാധ്യമ പഠന കേന്ദ്ര ക്യാമ്പസില്‍ കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്ത കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറാണ് പൊന്നാട അണിയിച്ചത്. സംഭവം വിവാദമായതോടെ സാംസ്‌കാരിക പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും, മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും വിശദീകരിച്ച് കെ.എന്‍.എ.ഖാദര്‍ രംഗത്തെത്തി.