കോഴിക്കോട് നഗരത്തിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികളിൽ ഒരാളെ പരാതിക്കാരനായ അശ്വിൻ തിരിച്ചറിഞ്ഞു. കോഴിക്കോട് നടുവട്ടം സ്വദേശിയായ എ.പി.മുഹമ്മദ് അജ്മൽ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് അശ്വിനെ ആക്രമിക്കുകയും ഭാര്യയെ അസഭ്യം പറയുകയും ചെയ്തത്.
‘‘ആളെ തിരിച്ചറിഞ്ഞു. കൂടെയുള്ള 4 പേരെയും കണ്ടു. അവർ മർദിക്കാൻ വന്നയാളെ പിടിച്ചുവയ്ക്കുകയേ ചെയ്തുള്ളൂ. മർദിച്ചയാളെ മനസ്സിലായി’– അശ്വിൻ പറഞ്ഞു. സംഭവത്തിൽ, അഞ്ച് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. അശ്വിന്റെ മൊഴി പ്രകാരം മറ്റു നാലുപേർക്ക് കൃത്യത്തിൽ പങ്കില്ല.
സംഭവത്തിൽ പരാതിയെടുക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപണമുയർന്നിരുന്നു. വിഷയത്തിൽ വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രി ബൈക്കില്‍ പോകുമ്പോഴാണ് അഞ്ചംഗ സംഘം ഇരിങ്ങാടന്‍പള്ളി സ്വദേശികളായ അശ്വിനെയും ഭാര്യയെയും ആക്രമിച്ചത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനമെന്ന് ആക്രമിക്കപ്പെട്ട അശ്വിൻ പറഞ്ഞു.
‘‘കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു 2 സ്കൂട്ടറുകളിലായി 5 യുവാക്കൾ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവർ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോൾ ഞാൻ ചോദ്യം ചെയ്തു. അപ്പോൾ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ എന്നെ വന്നു തല്ലി. മോശമായ വാക്കുകൾ ഉപയോഗിച്ചു ഞങ്ങളോടു കയർത്തു സംസാരിച്ചു. യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്തിനാണ് മർദിച്ചതെന്നു ഇപ്പോഴും അറിയില്ല.’’– അശ്വിൻ പറഞ്ഞു.