ഇന്ത്യ മുന്നണിയുടെ ജാര്‍ഖണ്ഡിലെ റാലിയില്‍ തമ്മിലടി ഉണ്ടായ സാഹചര്യത്തില്‍ മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കിൽ അധികാരം കിട്ടിയാൽ എന്താകും അവസ്ഥയെന്നാണ് ബിജെപിയുടെപരിഹാസം. തലതല്ലി പൊളിക്കുന്നവർക്കായി വോട്ട് പാഴാക്കരുതെന്നും ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല.എന്നാല്‍ ഇതിനെതിരെയൊന്നും പ്രതികരിക്കാതെ തുടരുകയാണ് ഇന്ത്യ മുന്നണി. തമ്മിലടിച്ച ചത്രയിലെ നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്. ജാര്‍ഖണ്ഡിലെ ചത്ര സീറ്റിന്‍റെ വിഭജനത്തെ ചൊല്ലി കോൺഗ്രസ്- ആര്‍ജെഡി പ്രവര്‍ത്തകരാണ് ഞായറാഴ്ച നടന്ന ഇന്ത്യ മുന്നണി റാലിയില്‍ തമ്മിലടിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് ഇതിനോടകം തന്നെ രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ബിജെപി പാളയത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ പൊരുത്തക്കേടുകള്‍ മുൻനിര്‍ത്തി ബിജെപി രാഷ്ട്രീയപ്പോര് മുറുക്കുന്നത്.