
കോട്ടൂർ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കൂട്ടാലിട ടൗണിൽ സംഘടിപ്പിച്ച ശുചിത്വ റാലിയുടെ തുടർച്ചയായി നടന്ന പൊതുയോഗത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി കെ അനിത ശുചിത്വ പ്രഖ്യാപനം നടത്തി.സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ്റെ ഭാഗമായും പഞ്ചായത്തിൽ നേരത്തെ ആരംഭിച്ച ക്ലീൻ കോട്ടൂർ ഗ്രീൻ കോട്ടൂർ പദ്ധതിയുടെ തുടർച്ച എന്ന നിലയിലുമാണ് ശുചിത്വ പരിപാലന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പാക്കിയത്.25 -30 വീടുകൾ ഉൾക്കൊള്ളുന്ന ശുചിത്വ അയൽക്കൂട്ടങ്ങൾ മുഴുവൻ വാർഡുകളിലും ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. വാർഡു തലത്തിലും പഞ്ചായത്തുതലത്തിലും രൂപീകരിച്ച ശുചിത്വ സമിതികൾ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഇതിൻ്റെ ഭാഗമായി വീടുകളിൽ നിന്നും കടകളിൽ നിന്നുമുള്ള അജെെവ മാലിന്യം ശേഖരണം ഹരിതകർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടത്താൻ പഞ്ചായത്തിന് കഴിഞ്ഞു.മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിന് പഞ്ചായത്തിലെ എല്ലാ ടൗണുകളിലും
പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ബിന്നുകൾ സ്ഥാപിച്ചു. പഞ്ചായത്ത് കേന്ദ്രമായ കൂട്ടാലിടയിലെ കച്ചവടക്കാരുടെ നേതൃത്വത്തിൽ ഒമ്പത് സ്ട്രീറ്റ് കമ്മറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ. ടൗണിൽ ചെടിച്ചട്ടികൾ വെക്കുന്ന പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ശുചിത്വ അയൽക്കൂട്ടങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ശുചിത്വ വാർഡുകൾ എന്നീ പ്രഖ്യാപനങ്ങളും ഇതിനകം പൂർത്തീകരിച്ചു.കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.കാമ്പയിന്റെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി നാരായണൻ അവതരിപ്പിച്ചു. ക്ലീൻകോട്ടൂർ ഗ്രീൻ കോട്ടൂർ പഞ്ചായത്ത് കൺവീനർ വി വി ബാലകൃഷ്ണൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിലാസിനി എം കെ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷൈൻ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കെ സിജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു കൈപ്പങ്ങൽ, ഗ്രാമ പഞ്ചായത്ത് അംഗം കെ പി മനോഹരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ രാധൻ, സി ഡി എസ് ചെയർപേഴ്സൺ യു എം ഷീന, ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.