നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ളസംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ ദിലീപുമായി ഏറെ അടുപ്പമുള്ള സീരിയല്‍ നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയല്‍ നിര്‍മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. മുന്‍പ് തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയ വ്യക്തിയാണ് ഇവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.