കൊച്ചി∙ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കാനാണ് ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ‘‘എന്റെ ആഗ്രഹം ഇത്രയേയുള്ളു. അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല’’. ശനിയാഴ്ച കൊച്ചിയിൽ മറൈൻ ഡ്രൈവിലെ താജ് വിവാന്തയിൽ ‘ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ സംഘടിപ്പിച്ച പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘‘ ഇത് പറഞ്ഞാൽ അപകടമാകില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പോൾ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങൾ മുഴുവൻ സുരേഷ് ഗോപി രാജിവച്ചു, ഗുരുവായൂർ ദേവസ്വം ചെയർമാനായിട്ട് പോയി എന്ന് എഴുതും. ഇതൊക്കെ വലിയ പുകിലാക്കി കളയും’’ – സുരേഷ് ഗോപി പറഞ്ഞു. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി പുനർജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നു.
ഇന്ന് സ്ത്രീകൾ വികസനത്തിന്റെ വെറും ഗുണഭോക്താക്കളല്ല, മറിച്ച് ഇന്ത്യയുടെ പുരോഗതിയുടെ ശിൽപികളായി ഉയർന്നുവന്നിട്ടുണ്ടെന്നും, വിവിധ മേഖലകളിൽ രാജ്യത്തിന്റെ വളർച്ചയെ രൂപപ്പെടുത്തുന്നവരാണ് അവരെന്നും പരിപാടിയിൽ സംസാരിക്കവേ സുരേഷ് ഗോപി പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുവാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സംരംഭങ്ങളെക്കുറിച്ചും സുരേഷ് ഗോപി എടുത്തു പറഞ്ഞു. വിവിധ മേഖലകളിൽ കയ്യൊപ്പ് പതിപ്പിച്ച സ്ത്രീകൾക്ക് അവാർഡുകളും കേന്ദ്രമന്ത്രി കൈമാറി.

