2022ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന് മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. മാനന്തവാടി സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടര്‍. മികച്ച ആര്‍.ഡി.ഒ ആയി പാലക്കാട്ടെ ഡി.അമൃതവല്ലി തെരഞ്ഞെടുക്കപ്പെട്ടു.
അംഗീകാരം വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് കളക്ടര്‍ എ. ഗീത പ്രതികരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്താനുണ്ട്. ഏവരുടേയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എസ്. സന്തോഷ് കുമാര്‍, എന്‍.ബാലസുബ്രഹ്‌മണ്യം, ഡോ.എം.സി.റെജില്‍, ആശ സി എബ്രഹാം, ശശിധരന്‍ പിള്ള, ഡോ. ജെ.ഒ അരുണ്‍, എന്നിവരാണ് മികച്ച ഡെപ്യൂട്ടി കളക്ടര്‍മാര്‍. മികച്ച കളക്ടടറേറ്റായി വയനാട് കളക്ടറേറ്റും, മികച്ച റവന്യു ഡിവിഷണല്‍ ഓഫിസായി മാനന്തവാടിയും, മികച്ച താലൂക്ക് ഓഫീസായി തൃശൂരും തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ മികച്ച വില്ലേജ് ഓഫിസര്‍മാര്‍ക്കും, വില്ലേജ് ഓഫിസുകള്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വെള്ളിയാഴ്ച കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.