തമിഴ്‌നാട്ടിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നേറ്റം. ചെന്നൈ, കോയമ്പത്തൂർ, സേലം അടക്കമുള്ള 21 കോർപറേഷനിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തുള്ള എ.ഐ.എ.ഡി.എം.കെ ഏറെ പിന്നിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ തിരിച്ചടി നേരിട്ട കോയമ്പത്തൂർ അടക്കമുള്ള ജില്ലകളിൽ വൻമുന്നേറ്റമാണ് പാർട്ടിക്കുണ്ടായത്. ബി.ജെ.പിക്കും കമൽഹാസന്റെ പാർട്ടിക്കും നേട്ടമുണ്ടാക്കാനായില്ല.
വൈകീട്ട് 3.30 വരെയുള്ള റിപ്പോർട്ട് പ്രകാരം വിജയ് മക്കൾ ഇയക്കത്തിന് പുതുക്കോട്ടൈ മുനിസിപ്പാലിറ്റിയിൽ ഒരു സീറ്റ് ലഭിച്ചു. വനിതാ ലീഗ് അഖിലേന്ത്യാ അധ്യക്ഷ ഫാത്തിമ മുസഫർ ചെന്നൈ കോർപറേഷനിലെ എഗ്മൂർ വാർഡിൽ വിജയിച്ചു. സി.പി.എം 32 സീറ്റിലും കോൺഗ്രസ് 29 സീറ്റിലും വിജയിച്ചു. തനിച്ച് മത്സരിച്ച എസ്.ഡി.പി.ഐ 26 സീറ്റുകളിൽ വിജയിച്ചു.വിവിധ ഇടങ്ങളിലായി 228 സ്ഥാനാർഥികൾ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 12,607 സീറ്റുകളിലേക്കായി 57,000 സ്ഥാനാർഥികൾ മത്സരിച്ചു. സംസ്ഥാനത്താകെ 268 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി സജ്ജമാക്കിയിരുന്നത്. ചെന്നൈയിൽ 15 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.
ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയും തമ്മിലാണ് മിക്കയിടങ്ങളിലും പ്രധാന മത്സരം.വോട്ടണ്ണല്‍ അവസാനിച്ച 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ 1236 സീറ്റുകളിലും ഡി.എം.കെ ആണ് വിജയിച്ചിരിക്കുന്നത്. 334 സീറ്റില്‍ എ.ഐ.എ.ഡി.എം.കെയും 26 സീറ്റില്‍ ബി.ജെ.പിയും 5 സീറ്റില്‍ ഡി.എം.ഡി.കെയും വിജയിച്ചു.