
പുതുച്ചേരിയിൽ നാരായണസ്വാമി മുഖ്യമന്ത്രിയായ കോൺഗ്രസ് സർക്കാർ വീണു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ വിശ്വാസം തെളിയിക്കാനായില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം രാജി സമര്‍പ്പിക്കുന്നതിനായി ഗവര്‍ണറെ കാണാന്‍ പോയി.
തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍ താഴെവീണത്. കേന്ദ്ര സര്‍ക്കാരിനെതിരെയും മുന്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ കിരണ്‍ബേദിക്കെതിരെയും വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമി രൂക്ഷവിമര്‍ശനം നടത്തി. കിരണ്‍ബേദിയെ വച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പുതുച്ചേരിക്ക് ഫണ്ട് തടഞ്ഞുവച്ച് ഗൂഢാലോചന നടത്തിയെന്നും നാരായണസ്വാമി ആരോപിച്ചു.
ഇപ്പോള്‍ കോണ്‍ഗ്രസിന് സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങൾ ആണ് ഉള്ളത് പ്രതിപക്ഷത്ത് 14 പേരും.
ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി രണ്ട് എം.എല്‍.എ.മാര്‍കൂടി ഞായറാഴ്ച രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ.യും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡി.എം.കെ.യിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കര്‍ വി.പി. ശിവകൊളുന്തുവിനു രാജി സമര്‍പ്പിച്ചത്.

