പിഎസ് സി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന വാദം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താൻ ആരോടും മോശമായി സംസാരിച്ചിട്ടില്ലെന്നും എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ത്ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചതായും മന്ത്രി സമ്മതിച്ചു. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ടാണ്. ഉദ്യോഗാര്‍ത്ഥികള്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളായി മാറിയെന്നും മന്ത്രി പറഞ്ഞു.
സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ താന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ തന്നെ വന്നു കണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ സര്‍ക്കാര്‍ ഇന്ന് പരിശോധിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.നല്ലത് മാത്രം ചെയ്ത ഒരു സര്‍ക്കാരിനെ മോശപ്പെടുത്താൻ വേണ്ടി ശത്രുകളുടെ കൈയിലെ കരുവായി നിങ്ങൾ മാറിയില്ലേ എന്നും ഞാൻ ചോദിച്ചു. ഇതിനോടൊന്നും അവര്‍ ഒന്നും പ്രതികരിച്ചില്ല. ഞാൻ പറഞ്ഞതെല്ലാം കേട്ടു നിൽക്കുകയാണ് അവര്‍ ചെയ്തത്. പിന്നീടാണ് ചില മാധ്യമങ്ങൾ വന്നു എന്നെ കാണുകയും മന്ത്രി പറഞ്ഞത് കേട്ട് ഉദ്യോഗാര്‍ത്ഥികൾക്ക് വിഷമമായല്ലോയെന്ന് പറയുകയും ചെയ്തത്.
മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും, എന്നാല്‍ കൂടിക്കാഴ്ചയ്ക്കിടെ മന്ത്രിയുടെ പ്രതികരണം വിഷമിപ്പിച്ചെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി മോശമായാണ് പെരുമാറിയതെന്നും ഉദ്യോഗാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടിരുന്നു.