ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറി സൂപ്പർ താരം വിരാട് കോഹ്ലി. വ്യക്തിപരമായ കാരണങ്ങളാൽ ആണ് താരം പിന്മാറിയതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസ്താവനയിലൂടെ അറിയിച്ചു . ക്യാപ്റ്റൻ രോഹിത് ശർമയുമായും ടീം മാനേജ്മെന്റുമായും സെലക്ടർമാരുമായും വിരാട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ക്യാപ്റ്റന്റെ പിന്തുണയുണ്ടെന്നും ബിസിസിഐ അറിയിച്ചു.
പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റി ഉടൻ പകരക്കാരനെ പ്രഖ്യാപിക്കും. കോഹ്ലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചു.
കോലിയുടെ അഭാവത്തിൽ യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയ യുവതാരങ്ങളുടെ ചുമലിൽ വലിയ ഉത്തരവാദിത്തമാണ് വന്നു ചേർന്നിരിക്കുന്നത്. നേരത്തെ, അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ നിന്നും ‘വ്യക്തിപരമായ കാരണങ്ങളാൽ’ കോഹ്ലി പിന്മാറിയിരുന്നു. എന്നാൽ ഈ വ്യക്തിപരമായ സാഹചര്യം എന്താണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്, അതിൽ ആദ്യത്തേത് ജനുവരി 25 ന് ഹൈദരാബാദിൽ നടക്കും. പരമ്പരയിലെ രണ്ടാം മത്സരം ഫെബ്രുവരി 2 ന് വിശാഖപട്ടണത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ കോഹ്ലി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.