ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹസന്‍പൂര്‍ കോട്വാലിയിലെ ഹതായ്‌ഖേഡയില്‍ മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരുന്ന അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാമിനി എന്ന കുട്ടിയാണ് മരിച്ചത്.
അമ്മയുടെ സമീപം കിടന്ന് കാര്‍ട്ടൂണ്‍ കാണുകയായിരുന്നു കുട്ടി. പൊടുന്നനെ ഫോണ്‍ കൈയില്‍ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹസന്‍പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇന്‍-ചാര്‍ജ് ധ്രുവേന്ദ്ര കുമാര്‍ പറഞ്ഞു. ‘കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കാന്‍ കുടുംബത്തോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ഹൃദയാഘാതം തന്നെയാണോ മറ്റെന്തെങ്കിലും രോഗമാണോ മരണകാരണമെന്ന് കൃത്യമായറിയാന്‍ അന്വേഷണം ആവശ്യമാണ്’ എന്ന് അംറോഹ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സത്യപാല്‍ സിങ് പറഞ്ഞു.

