ഷാരൂഖ് ഖാന്റെ പത്താന് സിനിമയ്ക്കെതിരായ പ്രതിഷേധത്തിനും വിവാദങ്ങൾക്കുമിടെ ആരാണ് ഷാരൂഖ് ഖാൻ എന്ന ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ഇന്നലെ രംഗത്തെത്തിയിരുന്നു. ആരാണ് ഈ ഷാരൂഖ് ഖാൻ എന്നും അയാളെയോ അയാളുടെ ചിത്രം പത്താനെയോ കുറിച്ച് തനിക്കറിയില്ലെന്നുമായിരുന്നു അസം മുഖ്യമന്ത്രിയുടെ വാക്കുകൾ. വിവാദങ്ങളുണ്ടായിട്ടും ഷാരൂഖ് ഖാൻ ഇതുവരെ തന്നെ വിളിച്ചില്ലെന്നും ഹിമന്ത ബിശ്വശർമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ മുഖ്യമന്ത്രിയെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ടിരിക്കുകയാണ് കിംഗ് ഖാൻ.
രാത്രി വൈകി ഷാരൂഖ് ഖാൻ തന്നെ ഫോണിൽ വിളിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പറഞ്ഞു. പത്താൻ സിനിമയുടെ പ്രദർശന സമയത്ത് സംസ്ഥാനത്ത് ഒരനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് ഷാരൂഖിന് ഉറപ്പുനൽകിയതായി അസം മുഖ്യമന്ത്രി പറഞ്ഞു.
‘ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ രാത്രി വൈകി 2 മണിയോടെ എന്നെ വിളിച്ച് സംസാരിച്ചു. പത്താൻ സിനിമയുടെ പ്രദർശനത്തിനിടെ ഗുവാഹത്തിയിൽ നടന്ന പ്രതിഷേധത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു’എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. അസമിലെ നരേംഗിയിൽ പത്താനെതിരെ വ്യാപക പ്രതിഷേധം നടക്കുകയും ഒരു സംഘമാളുകൾ ചിത്രത്തിന്റെ പോസ്റ്റർ കത്തിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആരാണ് ഈ ഷാരൂഖ് ഖാനെന്നും വിവാദങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
നിരവധി ബോളിവുഡ് താരങ്ങൾക്ക് തങ്ങളുടെ സിനിമകളുടെ റിലീസിന് മുന്നോടിയായി പ്രതിഷേധമുണ്ടാകാറുണ്ട്. പക്ഷേ ഇതുവരെ ഷാരൂഖ് ഖാൻ തന്നെ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡിൽ നിന്ന് പലരും വിളിക്കുന്നുണ്ടെങ്കിലും ഷാരൂഖ് ഖാൻ തന്നെ വിളിച്ചിട്ടില്ല. അദ്ദേഹം വിളിച്ചാൽ വിഷയം പരിശോധിക്കും. ക്രമസമാധാന ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും കേസെടുക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് ഷാരൂഖ് ഹിമന്ത ബിശ്വശർമയെ വിളിച്ചത്.