രവീന്ദ്രനാഥ് നിര്‍വ്വഹിക്കും
ജില്ലയില്‍ സമ്പൂര്‍ണ്ണ ഹോം ലാബ് പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരി 24ന് വൈകുന്നേരം നാല് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും. ശാസ്ത്രപഠനം പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായി നടത്തുന്നതിനായി ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും വീടുകളില്‍ ഹോം ലാബുകള്‍ സജ്ജമായി. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമാണ് (ഡയറ്റ്) ഇതിന് നേതൃത്വം നല്‍കിയത്.
പാഠ്യപദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുളള പരീക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യുന്നതിന് വിലയില്ലാത്തതോ വില കുറഞ്ഞതോ എളുപ്പം ലഭ്യമായതോ ആയ സാധന സാമഗ്രികള്‍ കുട്ടികള്‍ ശേഖരിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടേയും സഹായത്തോടെ ഒരു പരീക്ഷണ മൂല തയ്യാറാക്കുന്നു എന്നതാണ് ഇതിന്റെ രീതി. ഡയറ്റിന്റെ ‘സ്‌കൂളിനൊപ്പം’ എന്ന പിന്തുണാ പരിപാടികളില്‍ ഉള്‍പ്പെട്ട 25 വിദ്യാലയങ്ങളില്‍ പരീക്ഷിച്ച് വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ല മുഴുവന്‍ പദ്ധതി വ്യാപിപ്പിച്ചത്. വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ശാസ്ത്ര ക്ലബ് കണ്‍വീനര്‍മാര്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം നടത്തി വരുന്നത്. ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസ വിദഗ്ദര്‍, ജനപ്രതിനിധികള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്.
കുന്നുമ്മല്‍ സബ്ജില്ലയിലെ വട്ടോളി സംസ്‌കൃതം ഹൈസ്‌ക്കൂളിലാണ് ഹോംലാബ് ആദ്യമായി നടപ്പിലാക്കിയത്. ലാബിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ ഉള്‍ക്കൊളളുന്നതും ക്ലാസ്സ് തലത്തില്‍ ഉപയോഗിക്കാവുന്നതുമായ പുസ്തകങ്ങള്‍ ഡയറ്റ് തയ്യാറാക്കിയിട്ടുണ്ട്.
ഹോംലാബ് തുടര്‍പ്രവര്‍ത്തന സഹായ സാമഗ്രി ജില്ലാ വിദ്യാഭ്യാസ ഉപജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ വി.പി മിനി പ്രകാശനം ചെയ്യും. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ക്ലൈവ് തോംസണ്‍, ശാസ്ത്രജ്ഞന്‍ റോത്തര്‍ ഹാം യൂണിവേഴ്സിറ്റി, ഡോ. അജിപീറ്റര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് സയിന്റിസ്റ്റ് ബ്രൂണല്‍ യൂണിവേഴ്സിറ്റി ലണ്ടന്‍) എന്നിവര്‍ മുഖ്യാതിഥികളാവും.
കുടുംബശ്രീ പോലെ വിജിലന്റ് ഗ്രൂപ്പിനെയും പൊതുസമൂഹം അംഗീകരിക്കണം – കാനത്തില്‍ ജമീല
കുടുംബശ്രീക്ക് പൊതുസമൂഹത്തില്‍ ലഭ്യമായിട്ടുള്ള അംഗീകാരം പോലെ വിജിലന്റ് ഗ്രൂപ്പിനെയും പൊതു സമൂഹം അംഗീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഴിക്കോട് വിജിലന്റ് ഗ്രൂപ്പ് വാര്‍ഡുതല ക്യാംപയിന്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
ഓരോ വാര്‍ഡിലും 5 മുതല്‍ 10 വരെയുളള കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് എല്ലാ വാര്‍ഡിലും വിജിലന്റ് ഗ്രൂപ്പ് 2018 മുതല്‍ പ്രവര്‍ത്തനം നടത്തുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയുക, സ്ത്രീ സൗഹൃദ, ശിശു സൗഹൃദ പ്രാദേശിക ഇടങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് വിജിലന്റ് ഗ്രൂപ്പിന്റെ ലക്ഷ്യം. 2019ല്‍ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പോലീസ് വകുപ്പുമായി സഹകരിച്ച് സ്വയം പ്രതിരോധത്തിനാവശ്യമായ പരിശീലനം നല്‍കിയിരുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും രണ്ടുപേരെ വീതം തെരഞ്ഞെടുത്ത് ജില്ലാതലത്തില്‍ 164 പേര്‍ അടങ്ങുന്ന പിങ്ക് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ പ്രളയ സമയത്തും മറ്റ് ദുരിതകാലത്തും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അതതിടങ്ങളില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.
ജനുവരി 24 ന് എല്ലാ വാര്‍ഡുകളിലും പോസ്റ്റര്‍ ക്യാംപയിന്‍ സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി കവിത, ചിത്രകാരിയും ആക്ടിവിസ്റ്റുമായ കബിത മുഖോപാധ്യായ തുടങ്ങിയവര്‍ പങ്കെടുത്തു. അസി.ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ക്ഷേമ കെ തോമസ് സ്വാഗതം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന മത്സ്യവകുപ്പ് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കളും രക്ഷിതാക്കള്‍ മരണപ്പെട്ട നിരാലംബരുമായി വിദ്യര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 25.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383780.
മത്സ്യത്തൊഴിലാളി പെന്‍ഷണര്‍മാര്‍ അക്ഷയ കേന്ദ്രത്തില്‍ ഇ-മസ്റ്ററിങ് നടത്തണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷണര്‍മാരില്‍ കഴിഞ്ഞ വര്‍ഷം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്ത കാരണത്താല്‍ പെന്‍ഷന്‍ തടഞ്ഞുവെച്ചിട്ടുള്ളവരും മത്സ്യ തൊഴിലാളി ക്ഷേമനിധിബോര്‍ഡ് 2020-2021 വര്‍ഷത്തില്‍ പുതുതായി പെന്‍ഷന്‍ അനുവദിച്ചവരും അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിംഗ് ഉടന്‍ നടത്തേണ്ടതാണമെന്ന് മത്സ്യബോര്‍ഡ് റീജ്യണല്‍ എക്സിക്യൂട്ടീവ് അറിയിച്ചു. കിടപ്പുരോഗികള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ ഹോം മസ്റ്ററിംഗ് നടത്തണം. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ അക്ഷയയില്‍ നിന്നുള്ള മസ്റ്ററിംഗ് പരാജയ സര്‍ട്ടിഫിക്കറ്റ് സഹിതം ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ നിന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെ മസ്റ്ററിങ് സമയം അനുവദിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞപ്രകാരം അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ സമീപത്തുള്ള അക്ഷയ കേന്ദ്രത്തില്‍ എത്തി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുകയുള്ളൂ.
ഭക്ഷ്യക്കിറ്റ് നാളെ വരെ ലഭിക്കും
നിലവില്‍ വിതരണം ചെയ്തു വരുന്ന 2020 ഡിസംബറിലെ സൗജന്യ ഭക്ഷ്യകിറ്റ് (ജനുവരി 23) വരെ വാങ്ങാവുന്നതാണെന്ന് സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.
ആത്മവിശ്വാസത്തിന്റെ ഹാള്‍ ടിക്കറ്റ് ഒരുക്കി ജില്ലാ പഞ്ചായത്ത്
2021ലെ പത്താം ക്ലാസ്, പ്ലസ്ടു പൊതുപരീക്ഷ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ജില്ലാ പഞ്ചായത്ത് എജ്യുകെയര്‍ പദ്ധതിയുടെ ഭാഗമായി ‘ഹാള്‍ ടിക്കറ്റ് ‘ എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. കോവിഡ് കാലത്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്കും ആകുലതകള്‍ക്കും കൈത്താങ്ങാവുന്ന പദ്ധതി കോഴിക്കോട് ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് സോണും സംയുക്തമായാണ് നടപ്പിലാക്കുന്നത്.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ പരീക്ഷാ മുന്നൊരുക്ക ദിനങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന ചിന്തകളെ കോര്‍ത്തിണക്കി തയ്യാറാക്കുന്ന ആനിമേഷന്‍ വീഡിയോ ജില്ലയിലെ സ്‌കൂള്‍, വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സ്‌കൂള്‍ എജ്യുകെയര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വഴി പങ്കുവയ്ക്കും. വിഷയാനുബന്ധ ട്രെയിനിംഗ് ലഭിച്ച 125 ഡോക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍, എജ്യുകെയര്‍ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ഓരോ വിദ്യാലയത്തിലെയും ഹാള്‍ ടിക്കറ്റ് മെന്റര്‍മാരായി കുട്ടികള്‍ക്ക് പിന്തുണ നല്‍കും.
കുട്ടികളുടെയും രക്ഷിതാക്കളുടെയും പരീക്ഷാ കാലത്തെ ശാരീരിക മാനസിക പ്രയാസങ്ങളെ സംബന്ധിച്ച ആശങ്കകള്‍ക്ക് എജ്യുകെയര്‍ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ മെന്റര്‍മാര്‍ മറുപടി നല്‍കും. കോവിഡ് കാലത്തെ കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പ്രശ്നങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞതിന് ശേഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി (മോഡല്‍ പരീക്ഷയ്ക്ക് മുമ്പ്, പരീക്ഷ സമയത്ത്, പരീക്ഷാ ശേഷം) പ്രത്യേക മൊഡ്യൂളുകളുപയോഗിച്ചാണ് മെന്റര്‍മാര്‍ കുട്ടികളും രക്ഷിതാക്കളുമായി ഇടപെടുക.
ടെലിസപ്പോര്‍ട്ട് സിസ്റ്റം
കൗണ്‍സിലിങ് ആവശ്യമായ കുട്ടികളെ മെന്റര്‍മാര്‍ വഴി മാനസിക ആരോഗ്യ വിദഗ്ദ്ധരുമായി കണക്ട് ചെയ്യുന്ന പ്രത്യക ടെലി പോര്‍ട്ടല്‍ സിസ്റ്റവും ആവിഷ്‌കരിച്ചിട്ടുണ്ട്. മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലേയും കുട്ടികള്‍ക്ക് സേവനം ലഭ്യമാകും.

